
കൊൽക്കത്ത: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഡൽഹിയിലെ ഉഭയകക്ഷി ചർച്ചകൾക്ക് മുൻപായി കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദർശിച്ചിരുന്നു. മദർ തെരേസയുടെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ച റൂബിയോ, മിഷനറി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. റൂബിയോയുടെ ഈ സന്ദർശനത്തോടെ, സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിങ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പുതിയ എഫ്സിആർഎ (FCRA) നിയമഭേദഗതി നീക്കം വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്.
റൂബിയോയുടെ ഇന്ത്യ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുൻപ്, യുഎസ് ജനപ്രതിനിധി സഭയിലെ അംഗവും റിപ്പബ്ലിക്കൻ നേതാവുമായ ക്രിസ് സ്മിത്ത് എഫ്‌സിആർഎ നിയമത്തെക്കുറിച്ച് ആശങ്കയുന്നയിച്ച് ഒരു മാധ്യമത്തിൽ എഴുതിയിരുന്നു. നിർദിഷ്ട എഫ്‌സിആർഎ ഭേദഗതി നീക്കം പിൻവലിക്കാൻ റൂബിയോ സമ്മർദം ചെലുത്തണമെന്നും അതിൽ ആവശ്യപ്പെട്ടു. വിശുദ്ധ മദർ തെരേസ സ്‌ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്കുണ്ടായ താൽക്കാലിക എഫ്‌സിആർഎ വിലക്കാണ് സ്‌മിത്ത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 2021 ഡിസംബറിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ ലൈസൻസ് പുതുക്കാൻ കേന്ദ്രം വിസമ്മതിച്ചത്. വിമർശനം ഉയർന്നതോടെ 2022ൽ എഫ്‌സിആർഎ പദവി പുനഃസ്‌ഥാപിക്കുകയായിരുന്നു.
എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്താൽ, സന്നദ്ധ സംഘടനകളുടെ സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ മുഴുവൻ ആസ്തികളും സർക്കാരിന് കണ്ടുകെട്ടാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി നിർദ്ദേശം. ഇത് മിഷനറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള ന്യൂനപക്ഷ ചാരിറ്റി സംഘടനകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് യുഎസിൻ്റെയും മനുഷ്യാവകാശ സംഘടനകളുടെയും ആക്ഷേപം.
രാഷ്ട്രീയ വാക്പോര് കടുക്കുന്നു
റൂബിയോയുടെ സന്ദർശന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത രാഷ്ട്രീയ വാക്പോര് ആരംഭിച്ചു. കേന്ദ്ര സർക്കാർ ക്രിസ്ത്യൻ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും, പുതിയ നിയമത്തിലൂടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനം തടസ്സപ്പെടുത്താനാണ് ശ്രമമെന്നും തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി സാഗരിക ഘോഷ് കുറ്റപ്പെടുത്തി.
എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ മറുപടി നൽകി. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ രജിസ്ട്രേഷൻ നിലവിൽ സജീവമാണെന്നും 2026 ഡിസംബർ 31 വരെ അതിന് കാലാവധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് 2021 ഡിസംബറിൽ സാങ്കേതിക കാരണങ്ങളാൽ ഈ സംഘടനയുടെ എഫ്സിആർഎ ലൈസൻസ് കേന്ദ്രം റദ്ദാക്കിയിരുന്നുവെങ്കിലും ആഗോള പ്രതിഷേധങ്ങളെത്തുടർന്ന് പിന്നീട് പുനഃസ്ഥാപിക്കുകയായിരുന്നു. ദേശീയ സുരക്ഷയും വിദേശ ഫണ്ടിങ്ങിലെ സുതാര്യതയും ഉറപ്പാക്കാനാണ് എഫ്സിആർഎ നിയമങ്ങൾ കർശനമാക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ നിലപാട്. ഇന്ത്യയുടെ ആഭ്യന്തര നിയമനിർമ്മാണങ്ങളിൽ വിദേശ ഇടപെടലുകൾ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
US Secretary of State visits Missionaries of Charity headquarters; FCRA controversy simmers













