‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’, ഇറാനെതിരായ സൈനിക നടപടികൾ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാം, നിർണ്ണായക പ്രഖ്യാപനം നടത്തി ട്രംപ്; ചർച്ചകൾ ഫലപ്രദമെന്ന് റൂബിയോ

ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ അയവ് വരുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. ഇറാനുമായി ഒരു സമ്പൂർണ്ണ കരാറിലെത്താൻ സാധിക്കുമെന്നും ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായെന്നും ട്രംപ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രകൾക്ക് സംരക്ഷണം നൽകുന്ന ‘പ്രോജക്ട് ഫ്രീഡം’ ദൗത്യം അമേരിക്ക താൽക്കാലികമായി റദ്ദാക്കി. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് പുതിയ തീരുമാനങ്ങൾ ലോകത്തെ അറിയിച്ചത്.

ഫെബ്രുവരി മുതൽ തുടർന്നുപോന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന ആക്രമണ പരമ്പര ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സ്ഥിരീകരിച്ചു. ഇറാനിലെ പ്രധാന താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പൂർത്തിയായെന്നും ഇനി ഹോർമുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കോൺഗ്രസിൽ യുദ്ധത്തിനുള്ള അനുമതി സംബന്ധിച്ച രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നതിനിടെയാണ് ഭരണകൂടത്തിന്റെ പുതിയ നിലപാട് മാറ്റം.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾക്ക് അവസരം നൽകുന്നതിനാണ് കപ്പലുകൾക്ക് അകമ്പടി സേവിക്കുന്ന സൈനിക നീക്കം നിർത്തിവെച്ചതെന്ന് അമേരിക്ക വ്യക്തമാക്കുന്നു. അതേസമയം, ആണവ പദ്ധതികളുടെ കാര്യത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ മാത്രമേ സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യുകയുള്ളൂ എന്ന കർശന നിലപാടിലാണ് അമേരിക്കൻ വിദേശകാര്യ വകുപ്പ്.

US signals end to military operations against Iran; Trump halts ‘Project Freedom’ amid peace talk progress

More Stories from this section

family-dental
witywide