മിഠായി വിതരണത്തിലെ ‘അയിത്തം’ ആരോപണം സിപിഎമ്മിന്റെ കൊടുംവിഷം, ദേശാഭിമാനിക്കെതിരെ ആഞ്ഞടിച്ച് വി മുരളീധരൻ എംഎൽഎ

സ്കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന അയിത്തം ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് വി. മുരളീധരൻ എംഎൽഎ. കട്ടേല മോഡൽ സ്കൂളിലെ കുരുന്നുകൾക്ക് സ്വന്തം കൈപ്പടയിൽ മിഠായി വാങ്ങിയാണ് താൻ പ്രവേശനോത്സവത്തിന് പോയതെന്നും അത് മറ്റാരും ഏൽപ്പിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാൻ ശ്രമിച്ചതെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തി.

താൻ സ്കൂളിൽ ചെന്നപ്പോൾ മന്ത്രി എത്തിയിരുന്നതായും പരിപാടി തുടങ്ങാറായതായും എംഎൽഎ വിശദീകരിച്ചു. വാങ്ങിക്കൊണ്ടുചെന്ന മിഠായി ഓരോ കുട്ടിക്കായി പ്രത്യേകം കൊടുക്കാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തുനിൽക്കേണ്ടി വരുമായിരുന്നു. കുട്ടികൾക്കായി വാങ്ങിയ മിഠായി അവർക്ക് വേഗത്തിൽ വിതരണം ചെയ്ത് തീർക്കാനാണ് മേശ തോറും ഒന്നിച്ച് നൽകിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടി എത്രത്തോളം കൊടുംവിഷമാണ് കുഞ്ഞുങ്ങളിൽപ്പോലും കുത്തിനിറയ്ക്കാൻ ശ്രമിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ചീറ്റിയ ഈ വിഷം വസ്തുത തിരക്കാതെ ബിജെപി വിരോധം തലയ്ക്കുപിടിച്ച മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നുവെന്ന് വി. മുരളീധരൻ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും അവരുടെ അടിമകളുടെയും കണ്ണുതുറന്നിട്ടില്ല. നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേട് തൽക്കാലം തനിക്കില്ലെന്നും എംഎൽഎ തന്റെ കുറിപ്പിലൂടെ ശക്തമായി പരിഹസിച്ചു.

V Muraleedharan MLA refutes untouchability allegations over candy distribution; slams CPM and Deshabhimani

More Stories from this section

family-dental
witywide