തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനം. ശോഭാ സുരേന്ദ്രൻ, കെ. സുരേന്ദ്രൻ എന്നിവർ മണ്ഡലങ്ങൾ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി മാറണമെന്നും, കൃത്യമായി മണ്ഡലങ്ങളിൽ പ്രവർത്തിച്ചവർ വിജയിച്ചതായും അദ്ദേഹം പറഞ്ഞു. മൂന്ന് സീറ്റുകളിൽ വിജയിക്കാനായെങ്കിലും ലക്ഷ്യമിട്ട വോട്ട് വിഹിതം നേടാനാകാത്തത് ഗൗരവകരമാണെന്ന് യോഗം വിലയിരുത്തി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെയും യോഗത്തിൽ കടുത്ത പ്രതിഷേധം ഉയർന്നു. സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകപക്ഷീയമായാണ് നടപ്പിലാക്കിയതെന്നും പ്രധാന വിവരങ്ങൾ മറ്റു നേതാക്കളെ അറിയിക്കുന്നില്ലെന്നും കെ. സുരേന്ദ്രനും വി. മുരളീധരനും കുറ്റപ്പെടുത്തി. കൂടാതെ, ക്രൈസ്തവ സഭയ്ക്കെതിരെ പി.സി. ജോർജും ഷോൺ ജോർജും നടത്തിയ പരാമർശങ്ങൾ അനവസരത്തിലുള്ളതാണെന്നും അത് പാർട്ടിക്ക് ദോഷം ചെയ്തെന്നും വിമർശനമുയർന്നു. അതേസമയം വി മുരളിധരനെ സഭയിലെ നേതാവായി തെരഞ്ഞെടുത്തെന്നും വിവരമുണ്ട്.
ഇത്തവണ നിയമസഭയിലേക്ക് മൂന്ന് പ്രതിനിധികളെ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായി കാണുമ്പോഴും തൃശൂരിലും പാലക്കാടും ഉണ്ടായ വോട്ട് ചോർച്ച പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു. ഇത്തവണ 11.42 ശതമാനം വോട്ട് വിഹിതമാണ് ബിജെപിക്ക് ലഭിച്ചത്. കഴക്കൂട്ടം, നേമം, ചാത്തന്നൂർ മണ്ഡലങ്ങളിലെ വിജയം ആവർത്തിക്കാൻ വരും വർഷങ്ങളിൽ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ കോർ കമ്മിറ്റിയിൽ ധാരണയായി.
BJP Core Committee Slams Leadership Over Constituency Swapping and Poll Setbacks











