കേരളത്തെ കണ്ണീരിലാഴ്ത്തിയ വാൽപ്പാറ അപകടം, പ്രധാനാധ്യാപികയടക്കം ഒൻപത് പേർക്ക് ജീവൻ നഷ്ടം, 7 സ്ത്രീകളും ഒരു പുരുഷനും കുട്ടിയും; ആശുപത്രിയിലെത്തി മന്ത്രി, രാത്രി പോസ്റ്റ്മോർട്ടം

വാൽപ്പാറയിൽ വിനോദസഞ്ചാര വാഹനം 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ മലപ്പുറം പാറമ്മൽ ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ ഒൻപത് പേർക്ക് ജീവൻ നഷ്ടമായി. പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ (43), ആശ (41), മജീദ് (43), ഷക്കീല (37), സ്കൂളിലെ പാചക ജീവനക്കാരി സാജിത (45), മജീദിന്റെ ഭാര്യ റുഖിയ (39), സുഹറയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്. എട്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. അതിരപ്പള്ളി, മലക്കപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളുമടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന മിനിവാൻ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മുഹമ്മദ് ഫാസിത്ത് ഉൾപ്പെടെ നാല് പേർ നിലവിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായതിനാൽ അവരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള മുഹമ്മദ് ഫാസിത്ത്, ഷഹദിൻ (11), നൗഷാദ് (39) എന്നിവരുടെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ചു വരികയാണ്. മസ്നീൻ (11) എന്ന പെൺകുട്ടി നിസാര പരിക്കുകളോടെ പൊള്ളാച്ചി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടവിവരമറിഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ആവശ്യമായ എല്ലാ സർക്കാർ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തു. തമിഴ്നാട് സർക്കാരുമായി ചർച്ച ചെയ്ത് മൃതദേഹങ്ങൾ രാത്രി തന്നെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കാൻ പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അർധരാത്രിയോടെ കോയമ്പത്തൂരിലേക്ക് തിരിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പാലക്കാട് എ.ഡി.എമ്മും കോയമ്പത്തൂർ കളക്ടറും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പുലർച്ചയോടെ മലപ്പുറത്തെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മരിച്ചവരുടെ ഭൗതികദേഹങ്ങൾ നാളെ അമ്പലപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വെക്കും. സ്കൂൾ അവധിക്കാലത്ത് അധ്യാപകർ ഒത്തുകൂടി നടത്തിയ സന്തോഷകരമായ യാത്ര ദുരന്തത്തിൽ അവസാനിച്ചത് നാടിന് തീരാനൊമ്പരമായി. യാത്രയ്ക്കിടയിൽ അധ്യാപകർ ഗ്രൂപ്പുകളിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ കേരളത്തിന്റെയാകെ കണ്ണീരായി മാറിയിരിക്കുകയാണ്.

ജീവൻ നഷ്ടമായർ

  1. അജിത 54 ( പ്രധാനാധ്യാപിക) – പുലാമന്തോൾ സ്വദേശി
  2. റംല 52 – അധ്യാപിക – പാങ്ങ് സ്വദേശി
  3. സുഹറ 43 – അധ്യാപിക – പാങ്ങ് സ്വദേശി
  4. ആശ 41 – അധ്യാപിക – പാങ്ങ് സ്വദേശി
  5. മജീദ് 43 – അധ്യാപകൻ – പാങ്ങ് സ്വദേശി
  6. സാജിത 45 – ആയ – പാങ്ങ് സ്വദേശി
  7. ഷക്കീല 37 – പാങ്ങ് – അധ്യാപിക
  8. റുഖിയ 39 – മജീദിന്റെ ഭാര്യ
  9. ഹിഷാം 12 – സുഹറയുടെ മകൻ

ഗുരുതരമായി പരിക്കേറ്റവർ

10.ഷഹദിൻ 11 – സാജിതയുടെ മകൻ

  1. മുഹമ്മദ് ഫാസിത്ത് – ട്രാവലർ ഡ്രൈവർ
  2. നൗഷാദ് 39 – ഡ്രൈവർ,സ്കൂൾ

നിസാര പരിക്ക്

  1. മസ്നീൻ 11

Valparai Tragedy: Headmistress among 9 dead as tourist van plunges into gorge; Malappuram in deep mourning

More Stories from this section

family-dental
witywide