വിഡി അനുകൂലികൾ രണ്ടും കൽപ്പിച്ച്! നിയുക്ത എംഎൽമാർക്ക് പോലും ‘കെണി’; കെ എം അഭിജിത്തിനെ തടഞ്ഞു, പഴകുളം മധുവിൻ്റെ വാത്താ സമ്മേളനം ഒഴിവാക്കി

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസിനുള്ളിൽ അതൃപ്തി രൂക്ഷമാകുന്നു. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന് കരുതപ്പെടുന്ന നിയുക്ത എംഎൽഎമാർക്കെതിരെ വി ഡി അനുകൂല പ്രവർത്തകർ വിവിധ മണ്ഡലങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് “കെസി ക്യാമ്പ്” എന്ന ആരോപണവുമായി പ്രതിഷേധം ശക്തമാകുന്നത്.

നാദാപുരം മണ്ഡലത്തിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത നിയുക്ത എംഎൽഎ കെ എം അഭിജിത്തിനെ പ്രവർത്തകർ ചോദ്യം ചെയ്തതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. യു.ഡി.എഫിന്റെ വിജയത്തിന് നേതൃത്വം നൽകിയ വിഡിയെ മാറ്റിനിർത്തി എന്തിനാണ് കെസിയെ പിന്തുണയ്ക്കുന്നതെന്നായിരുന്നു പ്രവർത്തകരുടെ ചോദ്യം. എന്നാൽ, സംഘടിത പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ലെന്നും, തനിക്കെതിരായ ചില വീഡിയോകൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അഭിജിത്ത് വിശദീകരിച്ചു.

കുന്നത്തുനാട്ടിൽ നിയുക്ത എംഎൽഎ വി പി സജീന്ദ്രനെ ഒരു പൊതുപരിപാടിക്കിടെ പ്രവർത്തകർ വളഞ്ഞു. വിഡിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രവർത്തകർ, കെനിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

റാന്നിയിലാണ് ഏറ്റവും ശക്തമായ പ്രതിഷേധം റിപ്പോർട്ട് ചെയ്തത്. പഴകുളം മധുവിൻ്റെ സ്വീകരണ പരിപാടി പങ്കാളിത്തക്കുറവും പ്രതിഷേധവും മൂലം വെട്ടിച്ചുരുക്കേണ്ടിവന്നു. പത്തനംതിട്ട പ്രസ് ക്ലബിൽ നടത്താനിരുന്ന വാർത്താസമ്മേളനവും പിന്നീട് ഒഴിവാക്കി.
വണ്ടൂരിൽ എ പി അനിൽകുമാറിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “പച്ചപ്പട”, “ജനശബ്ദം” എന്നീ പേരുകളിലുള്ള പോസ്റ്ററുകളിൽ കെസിയെ പിന്തുണയ്ക്കരുതെന്ന മുന്നറിയിപ്പാണ് ഉയർന്നത്.

More Stories from this section

family-dental
witywide