‘പട നയിച്ചവൻ നാട് നയിക്കും’ മുഖ്യമന്ത്രി പദം സതീശനിലേക്ക്, ഇനി മൂന്നര കോടി ജനങ്ങളുടെ കാവലാൾ

തിരുവനന്തപുരം : ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമം. കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന നിർണ്ണായക കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഹൈക്കമാൻഡ് പ്രതിനിധികൾ തീരുമാനം അറിയിച്ചത്. ന്യൂഡൽഹിയിലെ അക്ബർ റോഡിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ വി.ഡി. സതീശൻ ഭരണത്തലവനാകണമെന്ന നിലപാടിലേക്ക് പാർട്ടി നേതൃത്വം എത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിനുള്ളിൽ കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നു. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും സജീവമായി ഉയർന്നു വന്നെങ്കിലും ഒടുവിൽ സതീശന് നറുക്കുവീഴുകയായിരുന്നു.

കേരള നിയമസഭയിലെ 140 സീറ്റുകളിൽ 102 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചത്. ഒരു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിന് അറുതി വരുത്തിയാണ് യു.ഡി.എഫിൻ്റെ ഈ വൻ വിജയം.

പറവൂരിൻ്റെ സ്വന്തം സതീശൻ

വടശ്ശേരി ദാമോദരൻ സതീശൻ എന്ന വിഡി സതീശൻ, മികച്ച പാർലമെൻ്റേറിയനും ദീർഘകാലത്തെ രാഷ്ട്രീയ പരിചയ സമ്പത്തുമുള്ള നേതാവാണ്. 1964 മേയ് 31-ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ ജനിച്ച അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കെഎസ്യുവിൻ്റെയും നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ്റെയും ദേശീയ ഭാരവാഹിയായി പ്രവർത്തിച്ച അദ്ദേഹം, എം.ജി സർവകലാശാല യൂണിയൻ ചെയർമാനുമായിരുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള മികച്ചൊരു നിയമജ്ഞൻ കൂടിയാണ് നിയുക്ത മുഖ്യമന്ത്രി.

തേവര എസ്.എച്ച് കോളേജിൽ നിന്നും രാജഗിരി കോളേജിൽ നിന്നും ബിരുദവും എം.എസ്.ഡബ്ല്യുവും പൂർത്തിയാക്കിയ അദ്ദേഹം, കേരള ലോ അക്കാദമിയിൽ നിന്നും തിരുവനന്തപുരം ലോ കോളേജിൽ നിന്നുമായി എൽ.എൽ.ബിയും എൽ.എ.എമ്മും പാസായി. രാഷ്ട്രീയത്തിൽ പൂർണ്ണസമയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മണ്ഡലത്തിൽ നിന്നും 2001-ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് നടന്ന എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021, 2026) വടക്കൻ പറവൂരിനെ പ്രതിനിധീകരിച്ച് തുടർച്ചയായി ആറ് തവണ അദ്ദേഹം നിയമസഭാംഗമായി. കെ.പി.സി.സി വൈസ് പ്രസിഡൻ്റ്, എ.ഐ.സി.സി സെക്രട്ടറി, നിയമസഭയിലെ ചീഫ് വിപ്പ്, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവായി ചുമതലയേറ്റ വി.ഡി. സതീശൻ, കഴിഞ്ഞ അഞ്ച് വർഷക്കാലം നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരെ നടത്തിയ ശക്തമായ പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. യു.ഡി.എഫിനെ ഭരണത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹത്തിൻ്റെ ഈ ജനപ്രീതിയും പാർലമെൻ്ററി രംഗത്തെ മികവുമാണ് ഇപ്പോൾ അദ്ദേഹത്തെ കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ആർ. ലക്ഷ്മി പ്രിയയാണ് ഭാര്യ, ഏക മകൾ ഉണ്ണിമായ.

VD Satheesan is selected as Kerala Chief Minister

More Stories from this section

family-dental
witywide