പാർട്ടി വിലക്കിയിട്ടും തെരുവിലിറങ്ങി സതീശൻ അനുകൂലികൾ, ഉമ്മൻചാണ്ടിക്കൊപ്പമുള്ള കെസിയുടെ ഫ്ലെക്സ് കീറിയെറിഞ്ഞു; സെക്രട്ടേറിയറ്റിന് മുന്നിലും പ്രകടനം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. കെ.പി.സി.സി.യും ഹൈക്കമാൻഡും കർശന വിലക്ക് നൽകിയിരുന്നിട്ടും സെക്രട്ടേറിയറ്റിന് മുന്നിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനമാണ് നടന്നത്. “പട നയിച്ചവൻ തന്നെ നാട് നയിക്കട്ടെ” എന്ന മുദ്രാവാക്യമാണ് പ്രതിഷേധത്തിൽ ഉയർന്നത്. പതിനാറാം കേരള നിയമസഭയുടെ നേതൃത്വത്തിൽ വി.ഡി. സതീശൻ തന്നെ എത്തണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. യു.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ച ശക്തനായ ടീം ലീഡറാണ് അദ്ദേഹം എന്നാണ് അവരുടെ വാദം.തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. തുടക്കത്തിൽ കുറച്ച് പേർ മാത്രമുണ്ടായിരുന്ന പ്രകടനം പിന്നീട് ആയിരത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന തരത്തിലേക്ക് വ്യാപിച്ചു. പൊതുപ്രകടനങ്ങൾ ഒഴിവാക്കണമെന്ന കെ.പി.സി.സി.യുടെ നിർദേശവും ഹൈക്കമാൻഡിന്റെ മുന്നറിയിപ്പും അവഗണിച്ചുകൊണ്ടാണ് പ്രതിഷേധം നടന്നത്. ഡൽഹിയിൽ നേതൃതല ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു പ്രവർത്തകരുടെ ഈ നീക്കം. സതീശൻ തന്നെ വിലക്കിയിട്ടും പ്രവർത്തകരുടെ രോഷം അലയടിക്കുകയാണ്.സ്ത്രീകളും യുവാക്കളും കോൺഗ്രസിന്റെ പോഷക സംഘടനകളിലെ അംഗങ്ങളും പ്രകടനത്തിൽ സജീവമായി പങ്കെടുത്തു. ചെമ്പഴന്തി അനിൽ ഉൾപ്പെടെയുള്ള നേതാക്കൾ തിരുവനന്തപുരത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ നൂറിലധികം സീറ്റുകളുടെ വിജയത്തിന് വി.ഡി. സതീശന്റെ നേതൃത്വമാണ് പ്രധാന കാരണമെന്നും അതിനാൽ മുഖ്യമന്ത്രിപദം അദ്ദേഹത്തിന് തന്നെയാകണമെന്നുമാണ് പ്രവർത്തകർ ആവർത്തിച്ചത്. “വി.ഡി.എസ് നയിക്കട്ടെ”, “കേരളത്തെ നയിക്കാൻ വി.ഡി മാത്രം” തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിൽ ഉയർന്നു.തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിയെ നയിച്ച നേതാവിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും പുറത്തുനിന്ന് മറ്റൊരാളെ എത്തിക്കേണ്ട സാഹചര്യമില്ലെന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡുകൾ ചില പ്രവർത്തകർ വലിച്ചുകീറി. കെ.സി. വേണുഗോപാലും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ഫ്ലക്സാണ് കീറിക്കളഞ്ഞത്.

More Stories from this section

family-dental
witywide