
10 വർഷത്തിന് ശേഷം യുഡിഎഫ് കേരളത്തിൽ അധികാരത്തിലേറുന്നത് വമ്പൻ ആഘോഷമാക്കാൻ കോൺഗ്രസ്. തിങ്കളാഴ്ച വി ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ പ്രമുഖരുടെ പട തന്നെയുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അടക്കം പങ്കെടുത്തേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസിന്‍റെ ഉന്നത നേതാക്കൾ അണിനിരക്കുമെന്നാണ് വിവരം. കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് തമിഴ്നാട് മുഖ്യമന്ത്രിയെയും ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്തുന്ന കാര്യത്തിൽ സർക്കാർ വൃത്തങ്ങളിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും തിങ്കളാഴ്ച രാവിലെ അദ്ദേഹം തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും ചടങ്ങിൽ പങ്കെടുത്ത ശേഷം ഉടൻ തന്നെ തമിഴ്‌നാട്ടിലേക്ക് മടങ്ങുമെന്നുമാണ് ലഭിക്കുന്ന സൂചനകൾ. വിജയ് എത്തുന്ന പക്ഷം ഉണ്ടാകാനിടയുള്ള വലിയ ജനത്തിരക്കും ആരാധകരുടെ പ്രവാഹവും കണക്കിലെടുത്ത് തലസ്ഥാന നഗരിയിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുന്ന ചടങ്ങ് വിപുലമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞയ്ക്കായി മുപ്പതിനായിരത്തോളം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കൂറ്റൻ പന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. അധികാരമേൽക്കൽ ചടങ്ങ് വൻ ജനപങ്കാളിത്തത്തോടെ കൺകുളിർക്കെ കാണാനുള്ള വിപുലമായ തയ്യാറെടുപ്പിലാണ് മുന്നണി പ്രവർത്തകർ.
Vijay likely to attend UDF Govt’s swearing-in ceremony; grand preparations underway in Trivandrum











