
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കി ദളപതി വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ). കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി ആവശ്യമുള്ള സാഹചര്യത്തിൽ ചെറുകക്ഷികളുടെയും കോൺഗ്രസിൻ്റെയും പിന്തുണ ഉറപ്പാക്കാനാണ് പാർട്ടിയുടെ ശ്രമം.
രണ്ട് സീറ്റുകൾ വീതമുള്ള വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ), സി.പി.ഐ, സി.പി.എം എന്നീ പാർട്ടികളുടെ പിന്തുണ വിജയ് തേടിയിട്ടുണ്ടെന്നാണ് വിവരം. ഇതിനോടകം തന്നെ 5 സീറ്റുകളുള്ള കോൺഗ്രസ് വിജയിയെ പിന്തുണയ്ക്കുമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. ഇവർ ഒപ്പം നിന്നാൽ 119 അംഗങ്ങളുടെ പിന്തുണയോടെ വിജയിക്ക് ഭരണത്തിലേറാം. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഭരണകക്ഷിയായ ഡി.എം.കെയെ നിഷ്പ്രഭമാക്കിയാണ് വിജയിയുടെ പാർട്ടി തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ടിവികെ 108 സീറ്റുകൾ, ഡിഎംകെ 59 സീറ്റുകൾ, എഐഎഡിഎംകെ 47 എന്നിങ്ങനെയാണ് സീറ്റ് നില.
രണ്ട് മണ്ഡലങ്ങളിൽ (തൃച്ചി ഈസ്റ്റ്, പെരമ്പൂർ) മത്സരിച്ച വിജയ് രണ്ടിടത്തും മികച്ച വിജയം നേടി. എന്നാൽ അദ്ദേഹം തൃച്ചി ഈസ്റ്റ് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് വിജയിയുടെ തീരുമാനം. തൃച്ചി ഈസ്റ്റ് ഒഴിയുന്നതോടെ അവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. വിജയിയെ പിന്തുണയ്ക്കാനുള്ള കോൺഗ്രസിൻ്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഡി.എം.കെ രംഗത്തെത്തി. കോൺഗ്രസിന്റെ നിലപാട് സഖ്യധർമ്മത്തിന് നിരക്കാത്തതാണെന്നും ‘പിന്നിൽ നിന്നുള്ള കുത്താണെന്നും’ ഡി.എം.കെ നേതൃത്വം ആരോപിച്ചു.
Vijay makes decisive political moves in Tamil Nadu, seeks VCK’s support















