
ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ പുതുചരിത്രമെഴുതി മുഖ്യമന്ത്രി സി. ജോസഫ് വിജയ് എന്ന നടൻ വിജയ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനായ വിജയ് നയിക്കുന്ന പുതിയ സർക്കാർ 144 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിശ്വാസ വോട്ടെടുപ്പിൽ വൻ വിജയം നേടിയത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 വോട്ടുകൾ വേണമെന്നിരിക്കെയാണ് വിജയ് സർക്കാർ ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്.
സഭയിൽ നടന്ന വോട്ടെടുപ്പിൽ സർക്കാരിനെ അനുകൂലിച്ച് 144 വോട്ടുകൾ ലഭിച്ചപ്പോൾ, എതിർത്ത് വോട്ട് ചെയ്തത് 22 പേർ മാത്രമാണ്. 5 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസ്, സി.പി.ഐ, സി.പി.ഐ(എം), വി.സി.കെ, ഐ.യു.എം.എൽ എന്നീ കക്ഷികൾ വിജയ് സർക്കാരിനെ പിന്തുണച്ചു. ഇതിനുപുറമെ പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗം വിമത എം.എൽ.എമാരും സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
അതേസമയം പ്രധാന പ്രതിപക്ഷ കക്ഷിയായ ഡി.എം.കെയും ഡി.എം.ഡി.കെയും വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിയുടെ ഒരംഗവും പി.എം.കെയുടെ നാല് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ സഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി വിജയ്, തന്റെ സർക്കാർ പൂർണ്ണമായും ഒരു മതേതര സർക്കാരായിരിക്കുമെന്ന് പ്രഖ്യാപിച്ചു. രാഷ്‌ട്രീയ കുതിരക്കച്ചവടങ്ങൾക്ക് വഴങ്ങാതെ, കുതിരയുടെ വേഗതയിൽ ജനക്ഷേമത്തിനായി സർക്കാർ മുന്നോട്ട് കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Vijay proved his majority in the trust vote with the support of 144 votes.















