കേന്ദ്രത്തിനെതിരെ വിജയ്, തമിഴ്നാടിന്‍റെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം; നീറ്റ് സംവിധാനം പൂർണമായും അവസാനിപ്പിക്കണമെന്ന് ആവശ്യം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. നീറ്റ് സംവിധാനം പൂർണമായും അവസാനിപ്പിക്കണമെന്നും, പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് പരീക്ഷ റദ്ദാക്കലിലൂടെ തകർന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മെയ് 3-ന് നടന്ന പരീക്ഷയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 1.4 ലക്ഷം വിദ്യാർത്ഥികൾ ഉൾപ്പെടെ 22 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്.

ചോദ്യപേപ്പർ ചോർന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.2024-ലും സമാന രീതിയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിരുന്നുവെന്നും കെ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നിർദേശിച്ച പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടും വീണ്ടും വീഴ്ച ആവർത്തിച്ചതും പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ദേശീയതലത്തിലുള്ള പരീക്ഷാ നടത്തിപ്പിൽ ഗുരുതര ഘടനാപരമായ പിഴവുകളുണ്ടെന്നതിന് ഇതാണ് തെളിവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കും സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും നീറ്റ് വലിയ തിരിച്ചടിയാണെന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ ഡോക്ടർ സ്വപ്നത്തിന് നീറ്റ് വലിയ തടസ്സമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജയ് വ്യക്തമാക്കി. നീറ്റിനെതിരായ തമിഴ്‌നാട്ടിന്റെ ദീർഘകാല പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide