റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. പ്രസവാവധിക്കുശേഷം കായികരംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്ന വിനേഷിനെ, ഈ വർഷത്തെ ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജ് കരിയ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മെയ് 30, 31 തീയതികളിലാണ് ഏഷ്യൻ ഗെയിംസ് ട്രയൽസ് നടക്കുന്നത്.
നേരത്തെ, ആഭ്യന്തര ടൂർണമെന്‍റുകളിൽ നിന്ന് വിനേഷിനെ വിലക്കിയ ഫെഡറേഷന്‍റെ നയത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ഇടക്കാല ആശ്വാസം നൽകാൻ മെയ് 18-ന് സിംഗിൾ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ വിനേഷ് നൽകിയ അപ്പീലിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്‍റെ അനുകൂലമായ പരാമർശങ്ങൾ വന്നിരിക്കുന്നത്. ജൂൺ 26 വരെ വിനേഷിനെ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്കിക്കൊണ്ട് മെയ് 9-നാണ് ഡബ്ല്യുഎഫ്ഐ നോട്ടീസ് അയച്ചത്. താരം അച്ചടക്കലംഘനം നടത്തിയെന്നും വിരമിക്കലിൽ നിന്ന് തിരിച്ചുവരുമ്പോൾ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്‍റെ ആന്‍റി-ഡോപ്പിംഗ് നിയമപ്രകാരമുള്ള 6 മാസത്തെ നോട്ടീസ് കാലാവധി പൂർത്തിയാക്കിയില്ലെന്നുമാണ് ഫെഡറേഷന്‍റെ ആരോപണം പ്രസവ അവധിക്ക് ശേഷം തിരികെയെത്തിയ ഫോഗട്ടിന് ഫെഡറേഷന്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യത കൽപ്പിച്ചിരുന്നു.
വിനേഷ് ഫോഗട് ട്രയല്‍സില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രസവാവധിയെ തുടർന്ന് മാറിനിന്ന വിനേഷിനോട് ഫെഡറേഷൻ വൈരാഗ്യബുദ്ധിയോടെ പെരുമാറരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. ഫെഡറേഷന്‍റെ ഉള്ളിലെ തർക്കങ്ങളും പകപോക്കലുകളും കാരണം രാജ്യത്തെ ഗുസ്തി കായികരംഗം എന്തിന് സഹിക്കണം. നമ്മുടേത് മാതൃത്വം ആഘോഷിക്കുന്ന രാജ്യമാണ്. പ്രമുഖ താരങ്ങളെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന മുൻകാല രീതികളിൽ നിന്ന് ഫെഡറേഷൻ പെട്ടെന്ന് മാറിയത് പല സംശയങ്ങൾക്കും ഇടനൽകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമങ്ങൾ പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ വ്യവസ്ഥയുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതേത്തുടർന്ന്, വിനേഷിന്‍റെ ജയസാധ്യതകൾ വിലയിരുത്താൻ വിദഗ്ധരോട് ആവശ്യപ്പെടാനും താരം ട്രയൽസിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി നിർദ്ദേശിച്ചു. വിദഗ്ധ സമിതിയുടെ രൂപീകരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്.ഫെഡറേഷന്‍റെ പുതിയ സെലക്ഷൻ നയപ്രകാരം 2025-ലെ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പ്, 2026-ലെ ഫെഡറേഷൻ കപ്പ് എന്നിവയിലെ മെഡൽ ജേതാക്കൾക്ക് മാത്രമേ ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ. കഴിഞ്ഞകാലത്തെ മികച്ച പ്രകടനങ്ങളോ മെഡലുകളോ കണക്കിലെടുക്കില്ലെന്ന ഫെഡറേഷന്‍റെ നിലപാടാണ് പ്രസവാവധിയെ തുടർന്ന് മത്സരങ്ങളിൽ നിന്ന് മാറിനിന്ന വിനേഷ് ഫോഗട്ടിന് തിരിച്ചടിയായത്.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 2023-ൽ ജന്തർ മന്തറിൽ ഗുസ്തി താരങ്ങള്‍ നടത്തിയ 36 ദിവസത്തെ പ്രതിഷേധത്തിന്‍റെ മുൻനിര പോരാളിയായിരുന്നു വിനേഷ് ഫോഗട്ട്. സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പമാണ് വിനേഷും അന്ന് സമര രംഗത്തുണ്ടായിരുന്നത്. ഫെഡറേഷന്‍റെ ഇപ്പോഴത്തെ അച്ചടക്ക നടപടികൾ ഇതിന്‍റെ തുടർച്ചയായുള്ള പകപോക്കലാണെനാണ് റിപ്പോർട്ടുകൾ..
High Court overturns Wrestling Federation’s ‘ban’; Vinesh Phogat to compete in Asian Games trials













