ലോകത്തിലെ ഏറ്റവും വലിയ ആഡംബര വിമാനം ഇനി യുഎസ് പ്രസിഡൻ്റിന്; ഇത് ഖത്തർ നൽകിയ ‘ആകാശ കൊട്ടാരം’

ജോയിന്റ് ബേസ് ആൻഡ്രൂസ്: ഖത്തർ രാജകുടുംബം യുഎസ് പ്രതിരോധ വകുപ്പിന് സമ്മാനമായി നൽകിയ പുതിയ എയർ ഫോഴ്സ് വൺ 747 വിമാനം പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കി. ജോയിൻ്റ് ബേസ് ആൻഡ്രൂസിൽ നടന്ന ചടങ്ങിൽ ലീ ഗ്രീൻവുഡിൻ്റെ “ഗോഡ് ബ്ലെസ് ദി യുഎസ്എ” എന്ന ഗാനത്തിൻ്റെ അകമ്പടിയോടെയാണ് ട്രംപ് വിമാനത്തിൻ്റെ പടവുകൾ ഇറങ്ങിവന്നത്. 1990 മുതൽ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വിമാനമായി ഉപയോഗിക്കുന്ന ബോയിംഗ് വിസി-25എ വിമാനങ്ങളേക്കാൾ ഇരട്ടി വലുപ്പമുള്ളതാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബോയിംഗ് കമ്പനി നിർമ്മിക്കുന്ന രണ്ട് പുതിയ വിമാനങ്ങൾ 2028-ഓടെ സജ്ജമാകുന്നതുവരെ താൽക്കാലിക ‘ബ്രിഡ്ജ്’ എയർ ഫോഴ്സ് വൺ ആയിട്ടായിരിക്കും ഈ വിമാനം പ്രവർത്തിക്കുക. ഏകദേശം 14 വർഷം പഴക്കമുള്ള ഈ വിമാനത്തെക്കുറിച്ച്, “ഇത് ലോകത്തിലെ ഏറ്റവും ആഡംബരമേറിയ വിമാനമായാണ് കണക്കാക്കപ്പെടുന്നത്. ഇത് നിർമ്മിച്ച കാലത്തെ നിലവാരം ഇനി ഒരിക്കലും കാണാൻ കഴിഞ്ഞേക്കില്ല,” എന്ന് ട്രംപ് പറഞ്ഞു.

അതേസമയം, 400 മില്യൺ ഡോളർ (ഏകദേശം 40 കോടി ഡോളർ) വിലമതിക്കുന്ന ഈ വിമാനം വിദേശത്തുനിന്ന് സമ്മാനമായി സ്വീകരിച്ചത് വലിയ ധാർമ്മിക ചോദ്യങ്ങൾക്കും നിയമസഭാംഗങ്ങളുടെ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ട്രംപ് ഭരണകൂടം ഖത്തർ രാജകുടുംബത്തിൽ നിന്ന് ഈ വിമാനം സ്വീകരിച്ചത്. ട്രംപ് കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് വരെ ഈ വിമാനം എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കും. അതിനുശേഷം ഇതിൻ്റെ ഉടമസ്ഥാവകാശം ഡോണൾഡ് ജെ. ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷന് കൈമാറാനാണ് നിലവിലെ ധാരണ. സുരക്ഷ, വാർത്താവിനിമയം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി കഴിഞ്ഞ സെപ്റ്റംബർ മുതൽ ടെക്സസിൽ വെച്ച് എയർഫോഴ്സ് ഈ വിമാനത്തിൽ മാറ്റങ്ങൾ വരുത്തിവരികയായിരുന്നു.

വിമാനത്തിൻ്റെ വാൽച്ചിറകിൽ ആലേഖനം ചെയ്തിരിക്കുന്ന അമേരിക്കൻ പതാകയിലെ മാറ്റങ്ങളെക്കുറിച്ചും ട്രംപ് ചടങ്ങിൽ സംസാരിച്ചു. മുൻപുണ്ടായിരുന്ന ലളിതമായ നേർരേഖയിലുള്ള പതാകയ്ക്ക് പകരം, കാറ്റിൽ പറക്കുന്ന തരത്തിലുള്ള മനോഹരമായ പതാകയാണ് പുതിയ വിമാനത്തിൽ നൽകിയിരിക്കുന്നത്.

മറ്റ് എയർ ഫോഴ്സ് വൺ വിമാനങ്ങളേക്കാൾ വേഗതയിലും കൂടുതൽ ദൂരത്തിലും പറക്കാൻ ഇതിന് സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. “ഇതിന് ഇന്ധനം നിറയ്ക്കാൻ ഇടയ്ക്കിടെ നിർത്തേണ്ടതില്ല, ഇതിൻ്റെ പരിധി അൺലിമിറ്റഡ് എന്ന് പറയാം. എയർഫോഴ്സ് ഇതുവരെ പ്രവർത്തിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ വിമാനങ്ങളിൽ ഒന്നാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് നമ്മുടെ രാജ്യത്തിൻ്റെ പ്രതീകമാണ്. ഇനി നമ്മൾ ലണ്ടനിലെയും ജർമ്മനിയിലെയും ഒക്കെ വിവിധ വിമാനത്താവളങ്ങളിൽ ചെന്നിറങ്ങുമ്പോൾ, ഈ വിമാനത്തെ വെല്ലാൻ മറ്റാർക്കും ആകില്ല; നമ്മുടെ രാജ്യത്തിന് അത് അങ്ങനെ തന്നെ ആയിരിക്കണം. ഇതിൻ്റെയടുത്ത് എത്താൻ പോലും ആർക്കും കഴിയില്ല,” ട്രംപ് വാചാലനായി.

നിലവിൽ ഉപയോഗിക്കുന്ന രണ്ട് എയർ ഫോഴ്സ് വൺ വിമാനങ്ങളിൽ ഒന്ന് അറ്റകുറ്റപ്പണിയിലാണ്. ബാക്കിയുള്ള വിമാനവും ഈ പുതിയ വിമാനവും ചേർത്തായിരിക്കും ഇനി സർവീസ് നടത്തുക. കഴിഞ്ഞ ആഴ്ച യൂറോപ്പിൽ നടന്ന ജി7 ഉച്ചകോടിക്ക് യാത്ര ചെയ്തതായിരുന്നു പഴയ വിമാനത്തിൻ്റെ അവസാന യാത്രയെന്നും അത് ഉടൻ തന്നെ മ്യൂസിയത്തിലേക്ക് മാറ്റുമെന്നും ട്രംപ് അറിയിച്ചു. വെറും 800 മണിക്കൂർ മാത്രം പറന്നിട്ടുള്ള ഈ വിമാനം തികച്ചും പുത്തനാണെന്നും, പഴയ വിമാനങ്ങൾ മാറ്റുന്നതിലുണ്ടായ കാലതാമസം കാരണമാണ് ഖത്തർ അമീറിനോട് താൻ ഈ വിമാനം ആവശ്യപ്പെട്ടതെന്നും ട്രംപ് വ്യക്തമാക്കി.

President Donald Trump unveiled a new Air Force One 747 aircraft, a gift from the Qatari royal family to the US Department of Defense.

More Stories from this section

family-dental
witywide