ലക്ഷ്യം ബോറിസ് ജോൺസൻ? ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിയുടെ ട്രെയിൻ കടന്നുപോയ ഉടൻ റഷ്യൻ ഡ്രോൺ പതിച്ചു; നാറ്റോ അതിർത്തിയിൽ വൻ ഭീതി

കീവ്: ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നയതന്ത്ര സംഘവും സഞ്ചരിച്ച ട്രെയിനിന് തൊട്ടുപിന്നാലെ റഷ്യൻ ഡ്രോൺ ആക്രമണം. യുക്രെയ്ൻ-പോളണ്ട് അതിർത്തിയോട് ചേർന്നുള്ള വോളിൻ (Volyn) മേഖലയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ സഞ്ചരിച്ച ട്രെയിൻ കടന്നുപോയി മിനിറ്റുകൾക്കകമാണ് തൊട്ടുപിന്നാലെ വന്ന പാസഞ്ചർ ട്രെയിനിന് നേരെ ആക്രമണമുണ്ടായത്. കൃത്യമായ സമയത്ത് യാത്രക്കാരെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന സുപ്രധാന സുരക്ഷായോഗത്തിൽ പങ്കെടുത്ത ശേഷം പോളണ്ടിലേക്ക് മടങ്ങുകയായിരുന്നു ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള സംഘം. സ്വീഡിഷ് മുൻ പ്രധാനമന്ത്രി കാൾ ബിൽറ്റ്, മുൻ സി.ഐ.എ മേധാവി ഡേവിഡ് പെട്രേയസ് എന്നിവരും ഈ ചാർട്ടേഡ് ട്രെയിനിലുണ്ടായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിശ്ചയിച്ച സമയത്തിലും നേരത്തെയാണ് ഈ ട്രെയിൻ സ്റ്റേഷൻ വിട്ടത്.

ഈ ട്രെയിൻ കടന്നുപോയതിന് പിന്നാലെ, ഇതേ പാതയിലെ യാഹോദിൻ (Yahodyn) സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ‘കീവ്-വാഴ്സ’ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിന് മുകളിലേക്ക് റഷ്യൻ ഡ്രോൺ പതിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 5 മണിയോടെ ഡ്രോൺ ആക്രമണ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഈ ട്രെയിനിലുണ്ടായിരുന്ന 206 യാത്രക്കാരെയും ജീവനക്കാരെയും റെയിൽവേ അധികൃതർ വേഗത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. അതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.

ബോറിസ് ജോൺസന്റെ നയതന്ത്ര സംഘത്തെ ലക്ഷ്യമിട്ടാണ് റഷ്യ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് യുക്രെയ്ൻ റെയിൽവേ അധികൃതർ വിലയിരുത്തുന്നത്. നാറ്റോ അതിർത്തിയിൽ നിന്നും വെറും 800 മീറ്റർ മാത്രം അകലെയുള്ള പ്രദേശത്താണ് ഈ ആക്രമണം നടന്നത് എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

സംഭവത്തെ ‘ബുദ്ധിഹീനവും വക്രബുദ്ധിയുള്ളതുമായ നടപടി’ എന്ന് ബോറിസ് ജോൺസൺ കടുത്ത ഭാഷയിൽ അപലപിച്ചു. യുക്രെയ്നിലെ സാധാരണ ജനങ്ങളെയും റെയിൽവേ സംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങൾ അടിയന്തരമായി യുക്രെയ്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Was Boris Johnson the target? A Russian drone struck shortly after the former British Prime Minister’s train passed; major alarm at the NATO border.

More Stories from this section

family-dental
witywide