വൈദ്യുതി പ്രതിസന്ധി: ദീർഘകാല കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാരല്ലെന്ന് മുൻ കെഎസ്ഇബി ചെയർമാൻ ബി. അശോക്

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീർഘകാല കരാർ റദ്ദാക്കിയതാണെന്ന യുഡിഎഫ് വാദം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് മുൻ കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോക്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഒപ്പുവെച്ച 465 മെഗാവാട്ടിൻ്റെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിൽ മുൻ ഇടത് സർക്കാരല്ലെന്നും, കരാറിലെ ഗുരുതരമായ നിയമ-സാങ്കേതിക വൈകല്യങ്ങൾ മുൻനിർത്തി റെഗുലേറ്ററി കമ്മീഷനാണ് നടപടിയെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാർ സർക്കാർ റദ്ദാക്കി എന്ന വാദം റെഗുലേറ്ററി കമ്മീഷൻ്റെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണ്. ബിഡ് കണ്ടീഷനുകൾ ലംഘിച്ചതും, അളവ് വിഭജിച്ചതും, ബിഡിന് ശേഷം ഫിക്സഡ് ചാർജിൽ മാറ്റം വരുത്താൻ കമ്പനികളെ അനുവദിച്ചതും കാരണം കുറഞ്ഞ നിരക്കായ 3.60 രൂപയ്ക്ക് പകരം യൂണിറ്റിന് 4.29 രൂപയ്ക്ക് മുകളിൽ ബാധ്യത വന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. രണ്ട് ദിവസത്തെ വ്യത്യാസത്തിൽ രണ്ട് ടെൻഡറുകൾ നടത്തി ഒരേ ജനറേറ്റർ പ്ലാന്റിലെ വൈദ്യുതിക്ക് ഒരേസമയം കെഎസ്ഇബി രണ്ട് വ്യത്യസ്ത നിരക്കുകൾ നൽകാൻ തീരുമാനിച്ചത് സാങ്കേതികമായി തെറ്റായ നടപടിയായിരുന്നുവെന്നും അശോക് ചൂണ്ടിക്കാട്ടി.

റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാത്ത പവർ പർച്ചേസ് എഗ്രിമെന്റുകൾക്ക് നിയമസാധുതയില്ല. വൈദ്യുതി നിയമത്തിലെ സെക്ഷൻ 108 പ്രകാരം സർക്കാർ നൽകിയ നയപരമായ നിർദേശങ്ങൾക്ക് കമ്മീഷൻ നിരാകരിച്ച കരാറിനെ മറികടക്കാൻ കഴിയില്ലെന്ന് അപ്പലറ്റ് ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷൻ്റെയോ ആപ്റ്റലിൻ്റെയോ മുന്നിൽ ഈ കരാറിൻ്റെ നിയമപരമായ സാധുത സ്ഥാപിക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞിരുന്നില്ല.

ശരിയായ കരാറില്ലാതെ വൈദ്യുതി വാങ്ങിയതിനെ തുടർന്ന് 250 കോടിയോളം രൂപ അധികമായി നൽകേണ്ടി വന്നതിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ നിരീക്ഷണം നിലവിലുണ്ട്. വിപണിയിലെ മാറ്റങ്ങളും പണപ്പെരുപ്പവും പരിഗണിക്കുമ്പോൾ 10 വർഷം മുൻപത്തെ (2014-15 കാലത്തെ) നിരക്കിൽ ഇന്ന് വൈദ്യുതി നൽകാൻ സ്വകാര്യ കമ്പനികൾ തയ്യാറല്ല. അവർ ആപ്റ്റലിനെ സമീപിച്ച് കരാറിൽ നിന്ന് പിന്മാറിയതാണെന്നും ബി. അശോക് വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പോംവഴി പുതിയ ബിഡിങ് പ്രക്രിയയുമായി മുന്നോട്ട് പോവുക എന്നത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Power crisis: Former KSEB Chairman B. Ashok states that it was not the LDF government that cancelled the long-term agreement.

More Stories from this section

family-dental
witywide