
കഴിഞ്ഞ പത്ത് വർഷക്കാലം എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കേരളത്തെ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാലിന്യ പ്രശ്നം പരിഹരിക്കൽ, വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ പുരോഗതി, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം നാടിന്റെ അഭിവൃദ്ധി മാത്രം ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും കാസർകോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തിന്റെ പരാജയം കണ്ട് രാഷ്ട്രീയ എതിരാളികൾ വല്ലാണ്ട് ആഘോഷിക്കേണ്ടതില്ലെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. ഒരു മുന്നണി തന്നെ തുടർച്ചയായി പത്ത് വർഷം ഭരിച്ച സാഹചര്യത്തിൽ ഭരണം മാറുന്നത് നല്ലതാണെന്ന് ജനങ്ങൾ ചിന്തിച്ചിരിക്കാം. അതാണ് ഈ പരാജയത്തിന് പ്രധാനമായും ഇടയാക്കിയത്. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ജനപിന്തുണ വീണ്ടെടുത്ത് ഇടതുപക്ഷം ശക്തമായിത്തന്നെ തിരിച്ചുവരുമെന്നും, ഈ ഘട്ടം എൽ.ഡി.എഫിന്റെയോ സി.പി.ഐ.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടിൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്നും, തങ്ങൾക്ക് മാത്രമേ ഇത് ചെയ്യാനാവൂ എന്ന് വാശിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പുതിയ യു.ഡി.എഫ്. സർക്കാരിന്റെ ജനക്ഷേമ പരിപാടികൾക്ക് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും നൽകും. എന്നാൽ ജനവിരുദ്ധമായ കാര്യങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായി എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണമാറ്റത്തിന് ശേഷമുള്ള ഇടതുമുന്നണിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള കൃത്യമായ സൂചനയാണ് പ്രതിപക്ഷ നേതാവിന്റെ ഈ വാക്കുകൾ നൽകുന്നത്.
We Will Bounce Back Stronger, Don’t Celebrate LDF’s Defeat: Pinarayi Vijayan Accepts Verdict














