
വാഷിംഗ്ടൺ: കഴിഞ്ഞ ഏപ്രിലിൽ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വെടിയെതിർപ്പിനെ തുടർന്ന് നിർത്തിവെക്കേണ്ടി വന്ന പ്രശസ്തമായ വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്സ് അസോസിയേഷൻ ഡിന്നർ ഈ വേനൽക്കാലത്ത് വീണ്ടും നടത്താൻ തീരുമാനം. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ജൂലൈ 24-ന് ചടങ്ങ് പുനഃസംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു.
മുമ്പ് ‘ട്രംപ് ഇൻ്റർനാഷണൽ ഹോട്ടൽ’ ആയിരുന്ന വാഷിംഗ്ടൺ ഡിസിയിലെ വാൾഡോർഫ് അസ്റ്റോറിയയിലാണ് ഇത്തവണ ചടങ്ങ് നടക്കുകയെന്നും, പരിപാടിയിൽ സംസാരിക്കാനുള്ള ക്ഷണം താൻ സ്വീകരിച്ചതായും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
അസോസിയേഷൻ അംഗങ്ങളുമായി നടത്തിയ വിശദമായ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് ഡിന്നർ വീണ്ടും നടത്താൻ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് വെയ്ജിയ ജിയാങ് അറിയിച്ചു. മുൻപത്തെക്കാൾ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും കടുത്ത പ്രവേശന നിയന്ത്രണങ്ങളുമായിരിക്കും ജൂലൈയിലെ ചടങ്ങിൽ ഉണ്ടാവുകയെന്നും അവർ വ്യക്തമാക്കി.
ഏപ്രിലിൽ നടന്ന ഡിന്നറിനിടെ ഹോട്ടൽ ഇടനാഴിയിൽ തോക്കുധാരി വെടിയുതിർത്തതിനെ തുടർന്ന് വലിയ പരിഭ്രാന്തിയാണ് ഉണ്ടായത്. അന്ന് ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡൻ്റ് ജെഡി വാൻസ്, മറ്റ് കാബിനറ്റ് മന്ത്രിമാർ എന്നിവരെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അടിയന്തിരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. പ്രമുഖ മാധ്യമപ്രവർത്തകരും വിഐപികളും ഉൾപ്പെടെയുള്ളവർ മേശകൾക്ക് താഴെ ഒളിച്ചാണ് അന്ന് ജീവൻ രക്ഷിച്ചത്.
“അക്രമങ്ങൾക്ക് അമേരിക്കൻ ജീവിതത്തിൽ സ്ഥാനമില്ലെന്നും, സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഭയപ്പെടുത്തി നിശബ്ദമാക്കാൻ ആർക്കും കഴിയില്ലെന്നുമുള്ള ശക്തമായ പ്രഖ്യാപനമായിരിക്കും ഈ ചടങ്ങ്,” വെയ്ജിയ ജിയാങ് കത്തിൽ കുറിച്ചു.
കുറഞ്ഞ ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിമിതമായ ചടങ്ങായിരിക്കും ഇത്. ആദ്യ പരിപാടിക്ക് ടിക്കറ്റ് എടുത്തവർക്ക് സാമ്പത്തിക നഷ്ടം വരാത്ത രീതിയിൽ അസോസിയേഷൻ ഫണ്ട് കണ്ടെത്തിയിട്ടുണ്ട്. ചടങ്ങിൽ ആദരിക്കപ്പെടേണ്ട സ്കോളർഷിപ്പ് ജേതാക്കളായ വിദ്യാർത്ഥികൾക്ക് വീണ്ടും വാഷിംഗ്ടണിലേക്ക് വരാനുള്ള യാത്രാച്ചെലവും അസോസിയേഷൻ വഹിക്കും.
അക്രമികൾക്ക് നമ്മുടെ ജീവിതരീതികളോ സമയക്രമങ്ങളോ മാറ്റാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ തീരുമാനമെന്ന് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. ചടങ്ങ് നടക്കുന്ന വാൾഡോർഫ് അസ്റ്റോറിയ താൻ നിർമ്മിച്ച കെട്ടിടമാണെന്ന് അവകാശപ്പെട്ട ട്രംപ്, മാധ്യമപ്രവർത്തകർക്കെതിരെ മുൻപത്തെപ്പോലെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാമെന്നും തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം, ഏപ്രിലിലെ ചടങ്ങിനിടെ ആയുധങ്ങളുമായി ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി തനിക്കെതിരെയുള്ള നാല് കുറ്റപത്രങ്ങളും കോടതിയിൽ നിഷേധിച്ചു.
White House Correspondents’ Dinner, which was canceled following the shooting, will be held again in July, with increased security















