ആദ്യമായി മോദിയെ കണ്ടപ്പോൾ പിണറായിയുടെ വീട് റെയ്ഡ് ചെയ്യാൻ പറയുമോ? സിപിഎം ആരോപണം പരിഹസിച്ച് തള്ളി മുഖ്യമന്ത്രി; ‘മറുപടി തീരുമാനിക്കാൻ അവകാശം നൽകണം’

മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ ഒളിച്ചോടുന്ന ആളല്ലെന്നും ഉന്നയിക്കപ്പെട്ട കാര്യങ്ങൾക്ക് എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് തരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡി റെയ്ഡ് നടക്കുന്ന സമയത്ത് എല്ലായിടത്തും വെച്ച് ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തിരുന്നുവെന്നും ഇതിനിടയിൽ മാധ്യമങ്ങളുടെ വലിയ തിരക്കിൽ തന്റെ മുഖത്ത് മൈക്ക് വന്ന് അടിക്കുക വരെയുണ്ടായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണിതെന്നും ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരുവിധ ഉത്തരവാദിത്തവുമില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ഇഡി റെയ്ഡ് നടത്തുന്ന വിവരം മുൻകൂട്ടി സംസ്ഥാന പൊലീസിനെ അറിയിച്ചിരുന്നില്ല. എങ്കിലും റെയ്ഡിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ചിലർ മുതിർന്നത് കടുത്ത ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അക്രമം നടന്ന സമയത്ത് പൊലീസ് കൃത്യമായ നിലപാടാണ് സ്വീകരിച്ചതെന്നും അതിന് ആഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. നാല് കൊല്ലം മുൻപുണ്ടായ ഈ കേസിൽ അന്ന് ഇഡി ഒന്നും ചെയ്തിരുന്നില്ലെന്നും ഇതിനെതിരെ പരാതി നൽകിയത് യുഡിഎഫ് ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര ഏജൻസി നടത്തുന്ന അന്വേഷണത്തെ താൻ വിമർശിക്കില്ലെന്നും കോടതി അനുമതിയോടെയുള്ള അന്വേഷണം തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന സിപിഎം ആരോപണത്തെ മുഖ്യമന്ത്രി സതീശൻ പരിഹസിച്ച് തള്ളി. ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ തന്നെ പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യണമെന്ന് താൻ ആവശ്യപ്പെടണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. സിപിഎം നേതാക്കൾ ഇത്തരം തമാശകൾ പറയുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതോടെയെങ്കിലും മസില് പിടുത്തം അവസാനിപ്പിച്ചത് നന്നായെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മുൻപ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങിയപ്പോൾ പിണറായി വിജയൻ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും എന്നാൽ രാഷ്ട്രീയ പ്രേരിതമായത് കൊണ്ടാണ് തങ്ങൾ രാഹുൽ ഗാന്ധിയെ അന്ന് പ്രതിരോധിച്ചതെന്നും സതീശൻ ഓർമ്മിപ്പിച്ചു.

Will not run away from ED raids, I will decide when to reply, says CM VD Satheesan; mocks CPM over Modi meeting allegations

More Stories from this section

family-dental
witywide