
ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടു. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് അനുകൂലമായി ലഭിച്ചത്; 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കഴിഞ്ഞ 12 വർഷത്തിനിടെ നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിലൂടെ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ബില്ലിന്റെ പരാജയത്തിന് പ്രധാന കാരണമായത്.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് വോട്ടെടുപ്പ് നടന്നത്. ബിൽ പരാജയപ്പെടുമെന്ന സൂചന ലഭിച്ചിരുന്നെങ്കിലും അത് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. വോട്ടെടുപ്പിലൂടെ ബിൽ തള്ളപ്പെടുന്നത് രാഷ്ട്രീയമായി പ്രചാരണ ആയുധമാക്കാനാണ് ബിജെപി നീക്കം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം സ്ത്രീവിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന വാദം ഉന്നയിച്ച് ജനങ്ങളെ സമീപിക്കാനാണ് ഭരണപക്ഷം ലക്ഷ്യമിടുന്നത്.
അതേസമയം, തങ്ങൾ വനിതാ സംവരണത്തിന് എതിരല്ലെന്നും മണ്ഡല പുനർനിർണയത്തിലൂടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തെയാണ് എതിർത്തതെന്നും പ്രതിപക്ഷം വ്യക്തമാക്കി. നിലവിലുള്ള 543 സീറ്റുകളിൽ എന്തുകൊണ്ട് വനിതാ സംവരണം ഉടനടി നടപ്പാക്കുന്നില്ല എന്ന ചോദ്യമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. സർക്കാരിന്റെ പരാജയം വൻ വിജയമായി ആഘോഷിക്കാനാണ് പ്രതിപക്ഷ ക്യാമ്പിന്റെ തീരുമാനം.
Women’s Reservation Bill amendment fails in Lok Sabha; landmark setback for Modi govt as opposition secures first major win in 12 years















