
കേന്ദ്രഫണ്ട് ലക്ഷ്യമിട്ട് മുൻ സർക്കാർ ഒപ്പുവെച്ച പി.എം. ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനത്തിന് സ്വന്തം നിലയിൽ പിന്മാറാൻ സാധിക്കില്ലെന്നും, അതിനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണുള്ളതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രവീൺകുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. രാഷ്ട്രീയ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, പദ്ധതിയിൽനിന്ന് പിന്മാറിയാൽ വിവിധ ഇനങ്ങളിലായി രണ്ടായിരം കോടി രൂപയോളം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.
പദ്ധതി പ്രകാരം സംസ്ഥാനത്തെ 152 ബ്ലോക്കുകളിലായി തിരഞ്ഞെടുക്കപ്പെടുന്ന 304 സ്‌കൂളുകൾക്ക് ഒരുകോടി രൂപ വീതമാണ് മൂന്നുവർഷത്തേക്ക് ലഭിക്കുക. ഇതിലൂടെ തൊള്ളായിരം കോടിയിൽപരം രൂപയാണ് കേരളത്തിന് ലഭ്യമാകേണ്ടത്. പദ്ധതിയിൽനിന്ന് പിന്മാറിയാൽ ഈ തുക നഷ്ടമാകുമെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ അന്യായമായി മറ്റ് കേന്ദ്രഫണ്ടുകൾ കൂടി കേന്ദ്ര സർക്കാർ തടഞ്ഞുവെക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാർ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതരായത് തന്നെ ഈ ഫണ്ട് പ്രതീക്ഷിച്ചാണ്. പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കിൽ എസ്.എസ്.കെ. ഇനത്തിൽ ലഭിക്കാനുള്ള 1150 കോടി രൂപ കൂടി കിട്ടാതെ പോകുന്ന സാഹചര്യമുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
തദ്ദേശ സ്വയംഭരണ ബ്ലോക്കുകളിൽ ഒരു എലമെന്ററി സ്‌കൂളും ഒരു സെക്കൻഡറി സ്‌കൂളുമാണ് പി.എം. ശ്രീ പദ്ധതിക്കായി തിരഞ്ഞെടുക്കേണ്ടത്. ഇതിനാവശ്യമായ തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം കേരളവുമാണ് വഹിക്കേണ്ടതെന്ന് ഉഷ വിജയന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് പി.എം. ശ്രീയുമായി ബന്ധപ്പെട്ട് പൊതുവായ ചർച്ചകളോ അഭിപ്രായ സ്വരൂപണമോ നടന്നതായി കാണുന്നില്ലെന്നും, എന്നാൽ സർക്കാർ രൂപവത്കരിച്ച സെക്രട്ടറിമാരുടെ സമിതി യോഗം ചേർന്ന് പദ്ധതിയിൽ ഒപ്പുവെക്കാവുന്നതാണെന്ന് സർക്കാരിന് ഉപദേശം നൽകിയതായാണ് രേഖകളിൽ ഉള്ളതെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
Kerala Cannot Withdraw from PM SHRI Scheme; Exit Will Cause Rs 2000 Crore Loss, Says Minister N Shamsudheen














