
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ ഒബിസി മോർച്ച ദേശീയ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി ചാഹലിനെ നിയമിച്ചു. ബിജെപി ഒബിസി മോർച്ച ദേശീയ അധ്യക്ഷൻ അമർപാൽ മൗര്യയുമായി നേരത്തെ ചാഹൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപി കുടുംബത്തിൽ തനിക്ക് ഇടവും ആദരവും നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ഒബിസി മോർച്ച ദേശീയ അധ്യക്ഷൻ അമർപാൽ മൗര്യ എന്നിവരോട് നന്ദി അറിയിക്കുന്നതായി ചാഹൽ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
ഒബിസി മോർച്ചയുടെ ദേശീയ ഭാരവാഹികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ നിന്നുള്ള ജോഗൻ മോഹൻ, ഒഡീഷയിലെ മമത മൊഹന്ത, ഉത്തർപ്രദേശിൽ നിന്നുള്ള സംഗം ലാൽ ഗുപ്ത, മഹാരാഷ്ട്രയിലെ ബാബൻറാവു റാവുജി ചൗധരി, ഡൽഹിയിലെ സത് പ്രകാശ് റാണ, ബിഹാറിലെ അർജുൻ സാഹ്നി, ഉത്തർപ്രദേശിലെ സംഗീത ബൽവന്ത് ബിന്ദ് എന്നിവർ ദേശീയ വൈസ് പ്രസിഡന്റുമാരായി ചുമതലയേൽക്കും.
ഡൽഹിയിൽ നിന്നുള്ള ഗജേന്ദ്ര യാദവ്, കർണാടകയിലെ പ്രമോദ് മാധ്വരാജ്, ഛത്തീസ്ഗഢിലെ ലളിത് ചന്ദ്രാകർ എന്നിവർ ദേശീയ ജനറൽ സെക്രട്ടറിമാരാകും. ഏഴ് ദേശീയ സെക്രട്ടറിമാരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 37 പേരെ ദേശീയ നിർവാഹക സമിതി അംഗങ്ങളായും നിയമിച്ചിട്ടുണ്ട്.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നിർദേശപ്രകാരമാണ് നിയമനങ്ങളെന്ന് ഒബിസി മോർച്ച ദേശീയ അധ്യക്ഷൻ അമർപാൽ മൗര്യ അറിയിച്ചു. പുതിയ നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.
1990-ൽ ജനിച്ച യുസ്‌വേന്ദ്ര ചാഹൽ ഇന്ത്യൻ ക്രിക്കറ്റിലെ ശ്രദ്ധേയനായ ലെഗ് സ്പിന്നറാണ്. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരം ക്രിക്കറ്റിന് മുമ്പ് ചെസിലും മത്സരതലത്തിൽ സജീവമായിരുന്നു. ടി20 ക്രിക്കറ്റിൽ 400 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും ചാഹലിനുണ്ട്.
ഇംഗ്ലണ്ടിനെതിരെ 25 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ടി20 രാജ്യാന്തര മത്സരങ്ങളിലെ താരത്തിന്റെ മികച്ച പ്രകടനം. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾക്കായി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. 2025 സീസണിന് മുന്നോടിയായി 18 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ചാഹലിനെ സ്വന്തമാക്കിയത്.
ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയ്ക്കായി കളിക്കുന്ന താരം ഇംഗ്ലണ്ടിലെ കെന്റ്, നോർത്താംപ്ടൺഷെയർ കൗണ്ടി ടീമുകൾക്കായും പന്തെറിഞ്ഞിട്ടുണ്ട്.














