ഡല്‍ഹിയില്‍ ആര്‍മി കേണലിനെ മര്‍ദ്ദിച്ചവശനാക്കി പണവും മൊബൈലും കവര്‍ന്ന് മൂവര്‍ സംഘം. തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗര്‍ ഏരിയയിലാണ് സംഭവം.
കേണലിനെ കാറില്‍ നിന്ന് വലിച്ചിറക്കിയം സംഘം ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയും കാറിലുണ്ടായിരുന്ന മൊബൈല്‍ ഫോണും മറ്റും മോഷ്ടിക്കുകയും ചെയ്തു. രണ്ട് മൊബൈല്‍ ഫോണുകളും ക്രെഡിറ്റ് കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും 10,000 രൂപയുമാണ് സൈനികന് നഷ്ടമായത്.
ഒരു സെമിനാറില്‍ പങ്കെടുത്ത് മടങ്ങുന്ന് വഴിയാണ് കേണല്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാണക്യപുരി സ്വദേശിയായ ആര്‍മി കേണല്‍ വിനിത് മേത്ത (49) ആണ് ആക്രമിക്കപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മാളവ്യ നഗറിലെ ത്രിവേണി കോംപ്ലക്സില്‍ ഡ്രോപ്പ് ചെയ്ത ശേഷം കേണല്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ കയറി.
ഈ സമയം അടുത്തെത്തിയ ഒരാള്‍ ഇദ്ദേഹത്തോട് ലൈറ്റര്‍ ആവശ്യപ്പെട്ടു. ലൈറ്റര്‍ ഇല്ലെന്ന് അറിയിച്ചതിന് പിന്നാലെ ഇയാള്‍ ആക്രമിക്കാന്‍ തുടങ്ങി. കണ്ണില്‍ പൊടി പോലെയുള്ള വസ്തു എറിഞ്ഞ ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ മറ്റു രണ്ടുപേര്‍ കൂടി എത്തുകയും ഇവര്‍ ഇദ്ദേഹത്തെ കാറില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. നിലവില്‍ കേണല്‍ ഡല്‍ഹിയിലെ ആര്‍മി ബേസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ മൂന്നാമത്തെ പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട് പൊലീസ് അറിയിച്ചു. പിടികൂടിയ പ്രതികളുടെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.