
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും 7 മരണം കൂടി. ഒറ്റദിവസം അസാധാരണമായി മരണസംഖ്യ ഉയര്‍ന്നു സംബന്ധിച്ച് ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒറ്റദിവസം തന്നെ 24 പേര്‍ ഈ ആശുപത്രിയില്‍ മരിച്ചു. ഇതില്‍ 12 പേര്‍ നവജാതശിശുക്കളായിരുന്നു. ഇന്ന് 7 പേര്‍ കൂടി മരിച്ചു. 48 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇന്നു മരിച്ച ഏഴ് പേരില്‍ നാല് പേരും കുട്ടികളാണ്.
മെഡിക്കല്‍ അശ്രദ്ധയാണ് മരണകാരണമെന്ന ആരോപണങ്ങള്‍ ആശുപത്രി ഡീന്‍ ഡോ. ശ്യാംറാവു വക്കോഡെ തള്ളി. ഡോക്ടര്‍മാരുടെയോ മരുന്നുകളുടെയോ അഭാവമില്ലെന്നും കൃത്യമായ പരിചരണം നല്‍കിയിട്ടും രോഗികള്‍ ചികിത്സയോട് പ്രതികരിച്ചില്ലെന്നും അദ്ദേഹംപറഞ്ഞു.
എന്നാല്‍ ജീവനക്കാരുടെ കുറവുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു. ”70 മുതല്‍ 80 കിലോമീറ്റര്‍ ചുറ്റളവിലെ ഏക ആശുപത്രിയാണ് ഇത്. വളരെ ദൂരെ നിന്നും രോഗികള്‍ എത്താറുണ്ട്. ചില ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാറുണ്ട്. അത്രയും ആളുകളെ പരിചരിക്കാനുള്ള ശേഷി ആശുപത്രിക്കില്ല” -സൂപ്രണ്ട് വ്യക്തമാക്കി.
മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യാഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഛത്രപതി സാംബാജിനഗര്‍ ജില്ലയിലെ മൂന്ന് അംഗ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ ദിലീപ് മൈശേഖകര്‍ പിടിഐയോട് പറഞ്ഞിരുന്നു.
ആശുപത്രിയില്‍ സംഭവിച്ചത് വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതികരിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഓഗസ്റ്റ് മാസത്തില്‍ താനെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെറിയ സമയത്തിനുള്ളില്‍ 18 പേര്‍ മരിച്ച സംഭവവും ഖാര്‍ഗെ ഓര്‍മിപ്പിച്ചു. ബിജെപി സര്‍ക്കാര്‍ പബ്ലിസിറ്റിക്ക് വേണ്ടി ആയിര കണക്കിന് കോടി രൂപ ചെലവഴിക്കുന്നുവെന്നും എന്നാല്‍ കുട്ടികള്‍ക്ക് മരുന്നു വാങ്ങാന്‍ പണമില്ലെന്നും രാഹുല്‍ ഗാന്ധിയും എക്‌സിലൂടെ പ്രതികരിച്ചു.









