കസാക്കിസ്ഥാനില്‍ ആര്‍സെലര്‍ മിത്തലിന്റെ ഖനി ഫാക്ടറിയില്‍ തീപിടുത്തം; 32 പേര്‍ കൊല്ലപ്പെട്ടു

അസ്താന: കസാക്കിസ്ഥാനില്‍ ആഗോള സ്റ്റീല്‍ ഭീമനായ ആര്‍സെലര്‍ മിത്തലിന്റെ ഖനി ഫാക്ടറിയില്‍ തീപിടുത്തം. തീപിടിത്തത്തില്‍ 32 ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. പതിനെട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പതിനാലു പേരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അപകട കാരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നാല്‍പതോളം രക്ഷാപ്രവര്‍ത്തകരെ അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് മിനിസ്റ്റര്‍ സിറിം ഷരിപ്ഖാനോവ് ഉടന്‍ തന്നെ സ്ഥലത്ത് എത്തുമെന്നും വിവരമുണ്ട്.

കസാക്കിസ്ഥാനിലെ ആര്‍സെലര്‍ മിത്തല്‍ ഖനി ഫാക്ടറിയില്‍ രണ്ട് മാസത്തിനിടെയുണ്ടായ രണ്ടാമത്തെ ദുരന്തമാണിത്. ഓഗസ്റ്റില്‍ ഇതേ മേഖലയിലെ ഖനിയിലുണ്ടായ അപകടത്തില്‍ അഞ്ച് ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കമ്പനിയുമായുള്ള നിക്ഷേപ സഹകരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. പാരിസ്ഥിതിക ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും ഇത് രാജ്യത്തിന്റെ തന്നെ സുരക്ഷയെ ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ അധികൃതര്‍ കുറ്റപ്പെടുത്തി.