ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയിൽ ഇന്ധനം തീർന്നതിനെ തുടർന്ന് കുഞ്ഞ് മരിച്ചു; പ്രവർത്തനം നിർത്തിവച്ചു

ഗാസ: വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്ന് ഗാസയിലെ ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ കഴിഞ്ഞിരുന്ന നവജാതശിശുവും അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒരാളും മരിച്ചതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍-ഖിദ്ര അറിയിച്ചു.

ആശുപത്രി സ്ഥിതി ചെയ്യുന്ന മേഖലയിലും പരിസരപ്രദേശത്തും ഇസ്രയേല്‍സേന ഹമാസ് അംഗങ്ങളുമായി രാത്രിയിലും യുദ്ധം തുടരുകയാണെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മരിച്ച നവജാതശിശു ഉള്‍പ്പെടെ 40 കുട്ടികളാണ് ഇന്‍കുബേറ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 39 കുഞ്ഞുങ്ങളുടെ ആരോഗ്യനില അപകടത്തിലാണെന്നും വക്താവ് പറഞ്ഞു. ഇന്ധനം തീര്‍ന്നതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചിരിക്കുകയാണ്. ആശുപത്രിയില്‍ ഇന്ധമെത്തിക്കാന്‍ വൈകുന്നപക്ഷം ബാക്കിയുള്ള കുഞ്ഞുങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ആർക്കും സങ്കൽപ്പിക്കാൻ കഴിയുന്നതിലും മോശമാണ് സ്ഥിതി. ഞങ്ങൾ അൽ ഷിഫ മെഡിക്കൽ കോംപ്ലക്‌സിനുള്ളിൽ ഉപരോധിക്കപ്പെട്ടിരിക്കുന്നു,” ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന ഖിദ്ര പറഞ്ഞു. സമുച്ചയത്തിലെ നിരവധി കെട്ടിടങ്ങളും ഇസ്രയേല്‍സൈന്യം ലക്ഷ്യമിട്ടിരിക്കുകയാണെന്നും അല്‍-ഖിദ്ര പറഞ്ഞു.

കഴിഞ്ഞ മാസം തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തിയ ഹമാസ് തീവ്രവാദികൾ ഷിഫ ആശുപത്രിയുടെ കീഴിലും ഗാസയിലും കമാൻഡ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നു ഇസ്രായേൽ സൈന്യം പറഞ്ഞു.

More Stories from this section

family-dental
witywide