‘കുര്‍ബാന ചൊല്ലരുത്, പൊതുവേദിയില്‍ പ്രസംഗിക്കരുത്, സോഷ്യല്‍മീഡിയയില്‍ എഴുതരുത്’; സഭയെ വിമര്‍ശിച്ച വൈദികന് വിലക്കേര്‍പ്പെടുത്തി താമരശ്ശേരി രൂപത

കോഴിക്കോട്: കേരളത്തിലെ ക്രൈസ്തവ സഭകള്‍ വലിയ ജീര്‍ണതയിലൂടെയാണ് കടന്നുപോകുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ച വൈദികന് മത-സാമൂഹ്യ ഊരുവിലക്കേര്‍പ്പെടുത്തി കത്തോലിക്ക സഭ. ഫാ. അജി പുതിയ പറമ്പിലിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പരസ്യമായ കുര്‍ബാന പാടില്ലെന്നും പൊതു വേദികളില്‍ പ്രസംഗിക്കരുതെന്നുമടക്കമുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

പരസ്യമായ കുര്‍ബാന പാടില്ല, ഒരാളുടെ മരണസമയത്ത് അല്ലാതെ മറ്റാരേയും കുമ്പസരിപ്പിക്കാന്‍ പാടില്ല, കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല, വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാന്‍ പാടില്ല, പിതൃഭവനം, മത മേലധികാരി, കാനന്‍ നിയമ പണ്ഡിതന്‍ എന്നിവരെ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ, മറ്റാരെയെങ്കിലും സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം, സാമൂഹിക മാധ്യമങ്ങളില്‍ യാതൊന്നും എഴുതാന്‍ പാടില്ല, ടി വി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പൊതുയോഗങ്ങളില്‍ പങ്കെടുക്കരുത്, പൊതു വേദികളില്‍ പ്രസംഗിക്കരുത് എന്നിങ്ങനെയാണ് വിലക്ക്.

സഭയെ വിമര്‍ശിച്ചെന്നാരോപിച്ചാണ് ഫാ. അജി പുതിയ പറമ്പിലിന് കത്തോലിക്ക സഭ മത-സാമൂഹ്യ ഊരുവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സഭകള്‍, പ്രത്യേകിച്ച് സിറോ മലബാര്‍ സഭ വലിയ ജീര്‍ണതയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഫാദര്‍ അജി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അതേസമയം തനിക്കെതിരായ സഭാ വിലക്ക് അംഗീകരിക്കില്ലെന്ന് ഫാ. അജി പുതിയാപറമ്പില്‍ പ്രതികരിച്ചു.

സഭയെ പരസ്യമായി വിമര്‍ശിച്ച ഫാ. അജി പുതിയപറമ്പിലിനെതിരേ വിചാരണ കോടതി സ്ഥാപിച്ചിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് താമരശ്ശേരി ബിഷപ്പിന്റെ ഉത്തരവില്‍ പറയുന്നത്. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും വിശ്വാസികളുടെ ഇടയില്‍ എതിര്‍പ്പ് ഉഴിവാക്കാനുമായാണ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വിശദീകരണവും നല്‍കിയിട്ടുണ്ട്. വിലക്കുകള്‍ക്കെതിരേ സഭയുടെ ഉപരിഘടകങ്ങളില്‍ അപ്പീല്‍ നല്‍കാനാവില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide