
യു ഡി എഫ് നേതൃത്വം നൽകുന്ന പുതിയ സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ 100 ദിന കർമ്മ പരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ബജറ്റ് ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയാണ് 541 പരിപാടികൾ ഉൾക്കൊള്ളുന്ന വിപുലമായ കർമ്മ പദ്ധതി മുഖ്യമന്ത്രി വ്യക്തമാക്കിയത്. പദ്ധതികളുടെ കൗണ്ട് ഡൗൺ ഇന്നുമുതൽ ആരംഭിച്ചതായും ഓരോ 20 ദിവസം കൂടുമ്പോഴും ഇവയുടെ പുരോഗതി കൃത്യമായി വിലയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനബിൽ പാസാക്കിയതിന് പിന്നാലെ കർമ്മ പദ്ധതിയും പ്രഖ്യാപിച്ച് നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയും ചെയ്തു.
വൻ വിവാദങ്ങൾക്കിടയാക്കിയ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബിൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്. ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ധനബില്ലിൽ വരുമെന്ന കാര്യം മുൻ മുഖ്യമന്ത്രിക്ക് അറിയാത്തതാണോ എന്ന് വി ഡി സതീശൻ ചോദിച്ചു. ഇത് ഒളിച്ചുകടത്തിയതല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കുമെന്ന് ഫയലിൽ കുറിച്ച ഇടതുപക്ഷത്തിന്റെ മുൻകാല നിലപാടുകളും സഭയിൽ ഉദ്ധരിച്ചു. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യനികുതി കുറച്ച നടപടി ബജറ്റിൽ ഒളിച്ചുകടത്തിയതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ധനബില്ലിന്റെ ചർച്ച ബഹിഷ്കരിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റിക്ക് പോലും വിടാതെ ബിൽ പാസാക്കാനുള്ള നീക്കം നിയമസഭയ്ക്ക് മുകളിൽ എക്സിക്യൂട്ടീവിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം, ബജറ്റിന്റെ ശോഭ കെടുത്താൻ പ്രതിപക്ഷത്തിനൊപ്പം ചില ഭരണപക്ഷ വിമർശകരും ശ്രമിച്ചെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം വിവാദങ്ങൾക്കൊന്നും വഴങ്ങുന്ന സർക്കാരല്ല ഇതെന്നും യുഡിഎഫിൽ മാത്രമല്ല, കേരളത്തിലാകെ മദ്യനയം ചർച്ച ചെയ്യാൻ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
CM V D Satheesan Announces Kerala Govt’s 100-Day Action Plan; Budget Passed Amid Opposition Boycott













