
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ വൻ അഴിച്ചുപണി. കോൺഗ്രസിലെ സംഘടനാ ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സച്ചിൻ പൈലറ്റിനെ ഛത്തീസ്ഗഢിന്റെ ചുമതലയുള്ള ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറിയായി നിയമിച്ചു. പ്രിയങ്ക ഗാന്ധിക്ക് പകരം ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെയ്ക്ക് ഉത്തർപ്രദേശിന്റെ ചുമതല നൽകി. എഐസിസിയുടെ ട്രഷററായി മുതിർന്ന നേതാവ് അജയ് മാക്കൻ തുടരും. 12 ജനറൽ സെക്രട്ടറിമാർക്കൊപ്പം 11 സംസ്ഥാന ഭാരവാഹികളെയും പാർട്ടി നിയമിച്ചിട്ടുണ്ട്.
മുതിർന്ന നേതാവ് മുകുൾ വാസ്നിക്കിന് ഗുജറാത്തിന്റെ ചുമതലയും രൺദീപ് സിങ് സുർജേവാലയെ കർണാടകയുടെയും ചുമതലയും നൽകി. ജയറാം രമേശിനെ കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും കെ സി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചു. പ്രിയങ്ക ഗാന്ധിക്ക് പ്രത്യേക പോർട്ട്ഫോളിയോ ഒന്നും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
അടുത്തിടെ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാലിലും പരാജയം ഏറ്റുവാങ്ങി ആഴ്ചകൾക്കുള്ളിലാണ് പാർട്ടിയിൽ സംഘടനാ ചുമതലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ പാർട്ടിയുടെ ജനസമ്പർക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് ഉൾപ്പെടെ, പാർട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിനായി നിരവധി ഗ്രൗണ്ട് ലെവൽ സംരംഭങ്ങളും പാർട്ടി ആസൂത്രണം ചെയ്യുന്നുണ്ട്.















