
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ചെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം വളയുകയായിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍ വശത്ത് വെച്ചായിരുന്നു പ്രതിഷേധം.
സംഭവത്തിൽ ക്ഷുഭിതനായ ഗവർണർ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണോ പ്രതിഷേധമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. “ഇതാണോ എനിക്കൊരുക്കിയ സുരക്ഷ?. ക്രിമിനലുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണോ ശ്രമം, അത് വിലപ്പോവില്ല.” മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് ഇതുപോലെ വരാന്‍ സമ്മതിക്കുമോ എന്നും ഗവര്‍ണര്‍ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗവര്‍ണര്‍ രംഗത്തെത്തി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ എന്നും ഈ ഗുണ്ടകളാണോ ഭരിക്കുന്നത് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നില്‍ എന്നും കണ്ണൂരില്‍ ചെയ്തതുപോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം എന്നും അദ്ദേഹം ആരോപിച്ചു.










