
ഗാസ സിറ്റി: കഴിഞ്ഞയാഴ്ച മകന്റെ അരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഖുലൂദ് ഖാലിദ്, ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്. കറുത്ത പുക മുറിയിൽ നിറഞ്ഞു, അവൾക്ക് ശ്വസിക്കാൻ പ്രയാസമായി. ഖുലൂദ് പരിഭ്രാന്തയായി, തുടർന്ന് അടിവയറ്റിൽ വേദനയും തുടങ്ങി. താൻ ഇപ്പോൾ പ്രസവിക്കുമെന്ന് ഖുലൂദിന് തോന്നി.
ഇരുപത്തിയെട്ടുകാരിയായ ഖുലൂദ് എട്ടു മാസം ഗർഭിണിയാണ്. തന്റെ ജനിക്കാരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കയാണ് ഖുലൂദിന്റെ മനസു നിറയെ. ബോംബാക്രമണം തുടരുന്നതിനാൽ തൊട്ടടുത്ത ദിവസം തന്നെ വടക്കൻ ഗാസ മുനമ്പിലെ അൽ-കരാമ ജില്ലയിലുള്ള തന്റെ വീട് വിടാൻ ഖുലൂദ് തീരുമാനിച്ചു.
“ഞങ്ങൾ വാഹനമോടിക്കുമ്പോൾ വീടുകൾ വീഴുന്നത് കണ്ടു, ഏത് നിമിഷവും ഞങ്ങൾ മരിക്കുമെന്ന് കരുതി,” അവൾ സിഎൻഎന്നിനോട് പറഞ്ഞു. വഴിയിൽ, അഭയാർത്ഥികൾ ഇസ്രായേലി ജെറ്റ് വിമാനങ്ങളാൽ ആക്രമിക്കപ്പെടുന്നത് ഖുലൂദ് കൺമുന്നിൽ കണ്ടു.
“ഏകദേശം ഒരു മീറ്റർ അകലെയായിരുന്നു ആ കാഴ്ച. ഞാൻ അപ്പോൾ എന്റെ മകനെ കെട്ടിപ്പിടിച്ചു. മരിച്ചാലും ഒന്നിച്ചു മരിക്കാമല്ലോ,” ഖുലൂദ് പറയുന്നു.
ഖുലൂദ് ഒടുവിൽ തെക്കൻ നഗരമായ ഖാൻ യൂനിസിൽ എത്തി. ഒരു കഷ്ണം ഉണക്ക റൊട്ടികൊണ്ടാണ് ഇപ്പോൾ അതിജീവിക്കുന്നത്. നാളെ ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്നു പോലും ഖുലൂദിന് അറിയില്ല.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) പ്രകാരം ഗാസയിലെ 50,000 സ്ത്രീകൾ ഗർഭിണികളാണ്. അവരിൽ 10% വരും മാസത്തിൽ പ്രസവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.














