തിരുവനന്തപുരം: മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനെ തുടർന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്തംബർ ഒമ്പത് മുതൽ 11വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.
ഈ മാസം പതിനൊന്നാം തീയതി വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. വരും മണിക്കൂറികളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു.