
കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചുവെന്ന പരാതിയില്‍ ജനം ടിവിക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ജനം ടിവിക്കെതിരെ പരാതി നല്‍കിയത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജനം ടിവി പ്രത്യേക മതവിഭാഗത്തിനെതിരെ മനഃപൂര്‍വമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
എളമക്കര പൊലീസാണ് ഫിറോസിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ജനം ടിവി പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതായി പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനും ജനംടിവി എഡിറ്ററുമായ അനില്‍ നമ്പ്യാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദ് കഴിഞ്ഞ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തിരുന്നു.











