റെയില്‍വേ നിലപാടുകളില്‍ പ്രതിഷേധം; മെമു ട്രെയിനില്‍ വാ മൂടിക്കെട്ടി യാത്രക്കാര്‍

ആലപ്പുഴ: റെയില്‍വേ നിലപാടുകളില്‍ പ്രതിഷേധിച്ച് എറണാകുളം മെമുവില്‍ വാ മൂടിക്കെട്ടി സമരവുമായി യാത്രക്കാര്‍. ആലപ്പുഴ വഴിയുള്ള യാത്രക്കാരോടുള്ള അവഗണനയ്ക്കും തുടര്‍ച്ചയായി ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന റെയില്‍വേ നിലപാടുകള്‍ക്കും എതിരെയാണ് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേയ്ക്ക് യാത്രക്കാര്‍ വാ മൂടിക്കെട്ടി യാത്രചെയ്യുന്നത്. ആലപ്പുഴയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ യാത്ര എ. എം ആരിഫ് എം പി ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തിന്റെ ഭാഗമായി ആരിഫ് എംപിയും മെമുവില്‍ യാത്ര ചെയ്യുന്നുണ്ട്.

റെയില്‍വേയുടെ അധാര്‍മ്മികവും ധിക്കാരപരവുമായ തീരുമാനങ്ങളാണ് പ്രതിഷേധത്തില്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ജെ അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായ മെമുവിലെ തിരക്കും വന്ദേഭാരത് മൂലം പിടിച്ചിടുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതവും അനിശ്ചിതാവസ്ഥയിലായ ഇരട്ടപ്പാതയുമടക്കം നിരവധി പ്രശ്‌നങ്ങള്‍ തീരദേശപാതയെ അലട്ടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നില്‍ക്കുന്ന റെയില്‍വേയുടെ സമീപനങ്ങളാണ് പ്രതിഷേധത്തിലേയ്ക്ക് നയിച്ചത്.

കായംകുളം പാസഞ്ചര്‍ വന്ദേഭാരത് മൂലം കുമ്പളത്ത് പിടിച്ചിടുകയും തുടര്‍ച്ചയായി വൈകുകയും ചെയ്തപ്പോള്‍ വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച യാത്രക്കാരെ കൂടുതല്‍ നിരാശരാക്കുന്ന നിലപാടാണ് റെയില്‍വേ സ്വീകരിച്ചത്. വന്ദേഭാരത് മൂലം ട്രെയിനുകള്‍ വൈകുന്നില്ലെന്ന് പ്രസ്താവന ഇറക്കിയ റെയില്‍വേ കായംകുളം പാസഞ്ചറിനെ വൈകിയോടിക്കൊണ്ടിരുന്ന സമയത്തില്‍ തന്നെ ആധികാരികമായി സ്ഥിരപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങളായി മെമുവിലെ യാത്രക്കാര്‍ നേരിടുന്ന ദുരിതവും പരിഹരിക്കാന്‍ റെയില്‍വേ താത്പര്യം പ്രകടിക്കുന്നില്ല.

വന്ദേഭാരത് മൂലം കായംകുളം പാസഞ്ചര്‍ കുമ്പളത്ത് 40 മിനിറ്റിലേറെ പിടിച്ചിടുമ്പോള്‍ ആലപ്പുഴ, അമ്പലപ്പുഴ ഹരിപ്പാട് സ്റ്റേഷനുകളില്‍ നിന്ന് ബസ് മാര്‍ഗ്ഗം വീടുകളില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്ന ദുരിതം ചൂണ്ടിക്കാട്ടിയാണ് യാത്രക്കാര്‍ സമരം ചെയ്തത്. എന്നാല്‍ ചേപ്പാട് നിന്ന് കായംകുളം ജംഗ്ഷനിലേയ്ക്ക് ഓടിയെത്താനുള്ള കായംകുളം പാസഞ്ചറിന് നല്‍കിയ അധിക സമയത്തില്‍ കുറവ് വരുത്തി വേഗത വര്‍ദ്ധിപ്പിച്ചു വെന്ന് വരുത്തി തീര്‍ക്കുകയും, പാസഞ്ചര്‍ 20 മിനിറ്റ് വൈകി എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിക്കുകയുമാണ് റെയില്‍വേ ചെയ്തത്.

ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനില്‍ വൈകിയെത്തിയിരുന്ന സമയമാണ് ഈ തീവണ്ടിയ്ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വിഷമതകള്‍ വിളിച്ചുപറഞ്ഞവരുടെ വായില്‍ ”ഉത്തരവുകള്‍” തുന്നിക്കെട്ടി നിശബ്ദരാക്കാനുള്ള റെയില്‍വേയുടെ ശ്രമമാണ് വാമൂടിക്കെട്ടിയ സമരത്തിലേക്ക് യാത്രക്കാരെ നയിച്ചത്. നിലവിലെ സമയക്രമത്തില്‍ കായംകുളം പാസഞ്ചര്‍ പിന്നിടുന്ന സ്റ്റേഷനുകളില്‍ നിന്ന് പ്രാദേശിക ബസ് സര്‍വീസുകള്‍ ലഭിക്കാതെ വരികയും മറ്റു മാര്‍ഗ്ഗമില്ലാതെ സ്ത്രീകള്‍ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യവുമാണ് സംജാതമായിരിക്കുന്നത്. റെയില്‍വേയുടെ ഈ നിലപാട് മൂലം സാധാരണക്കാരന്റെ അന്നം മുടക്കുകയാണ് ഇന്ന് വന്ദേഭാരത്. നിരവധി വിദ്യാര്‍ത്ഥികളുടെ യാത്ര ഇന്ന് ആശങ്കയിലാണ്. രാത്രി വളരെ വൈകി സ്റ്റേഷനുകളില്‍ ഇറങ്ങേണ്ടി വരുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വവും ഭീഷണിയിലാണ്.

വന്ദേഭാരതിന് വേണ്ടി ആലപ്പുഴയിലെ ബഹുഭൂരിപക്ഷം വരുന്ന യാത്രക്കാരെ തീരാദുരിതത്തിലേക്ക് തള്ളിവിടുകയാണ് റെയില്‍വേ ചെയ്തത്.. വന്ദേഭാരതിന്റെ സമയം മുന്നോട്ടോ, പിന്നോട്ടോ ചെറിയ മാറ്റങ്ങളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നം റെയില്‍വേ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. പ്രായോഗികമല്ലാത്ത സമയക്രമമാണ് വന്ദേഭാരതിന് നല്‍കിയിരിക്കുന്നത്. അതുമൂലം വന്ദേഭാരതിന് സമയക്രമം പാലിക്കാന്‍ കഴിയാതെ വരികയും മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്ന സമയത്തില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകുകയുമാണ് ചെയ്തത്. യാത്രക്കാര്‍ വന്ദേഭാരതിന് എതിരല്ല, എന്നാല്‍ വന്ദേഭാരതിനെതിരെ ശബ്ദിക്കാന്‍ യാത്രക്കാരെ റെയില്‍വേ നിര്‍ബന്ധിതരാക്കുകയാണ്.

തീരദേശപാതയില്‍ അധികഠിനമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകുന്നേരവും ട്രെയിനിലെ അതികഠിനമായ തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാവിലെ ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള മെമുവില്‍ തിങ്ങിഞെരുങ്ങിയുള്ള യാത്രയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മാനസികമായും ആരോഗ്യപരമായും അവശതയിലാണ് ഇവിടെ ഓരോ യാത്രയും അവസാനിക്കുന്നത്. കായംകുളം എക്‌സ്പ്രസ്സിലെ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും രാവിലെത്തെ മെമുവിലെ തിരക്ക് കുറയ്ക്കാനുമുള്ള നടപടിയും റെയില്‍വേയുടെ ഭാഗത്ത് നിന്നും അടിയന്തിരമായി ഉണ്ടാകണം.

ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകള്‍ പിടിച്ചിടുന്നതും ഒഴിവാക്കണം. അനിശ്ചിതാവസ്ഥയിലുള്ള ഇരട്ടപ്പാതയുമായി ബന്ധപ്പെട്ട ജോലികളും അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഏറനാടിന് ശേഷം രണ്ട് മണിക്കൂര്‍ ഇടവേളയിലാണ് ഇപ്പോള്‍ കായംകുളം എക്‌സ്പ്രസ്സ് സര്‍വീസ് നടത്തുന്നത്. വൈകുന്നേരത്തെ തിരക്ക് വര്‍ദ്ധിക്കുന്നതിന് ഇതൊരു പ്രധാന കാരണമായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വന്ദേഭാരതിന് വേണ്ടി മാറ്റിക്രമീകരിച്ച വൈകുന്നേരത്തെ കായംകുളം പാസഞ്ചറിന്റെ പഴയ സമയക്രമമായ ആറുമണിയിലേയ്ക്ക് തന്നെ ആത്യന്തികമായി പുനസ്ഥാപിക്കണമെന്നും യാത്രാക്ലേശം പരിഹരിക്കുന്നതിന് രാവിലെയും വൈകുന്നേരവും ഒരു മെമു സര്‍വീസ് കൂടി പരിഗണിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. എറണാളത്ത് അവസാനിക്കുന്ന പ്രതിഷേധയാത്രയെ ജംഗ്ഷനില്‍ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം എം പി എം എ ആരിഫ് യാത്രക്കാരുടെ പരാതി രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്.

More Stories from this section

family-dental
witywide