
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, മറ്റ് ജില്ലകളില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
തീവ്ര മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളില്‍ ന്യൂനമര്‍ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












