സിപിഐഎമ്മും ബിജെപിയും യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

സിപിഐഎമ്മും ബിജെപിയും യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നു എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
യൂത്ത് ശക്തമായി ഒരു നേതൃത്വം വരുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികള്‍ ആശങ്കപ്പെടുകയാണെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ സംഘടന പരിശോധിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ക്രമക്കേട് സംബന്ധിച്ച തെളിവുകള്‍ ഷഹബാസ് വാടേരിയുടെ കയ്യിലുണ്ടെങ്കില്‍ ദേശീയ നേതൃത്വത്തിന് ഹാജരാക്കാം. ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്നല്ല സംഘടനയില്‍ നിന്നുള്ള പരാതി. സംഘടനയുടെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ പരിശോധിക്കും പരിഹരിക്കും. തിരസ്‌കരിക്കപ്പെട്ട വോട്ടുകള്‍ വ്യാജ വോട്ടുകള്‍ അല്ല. കൃത്യമായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയായിരുന്നു തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഗവേഷണ വിഭാഗം കോ ഓഡിനേറ്റര്‍ ഷഹബാസ് വടേരിയാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ക്രമക്കേടുമായി ബന്ധപ്പെട്ട നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. കെ.പി.സി.സി ക്കും പരാതി നല്‍കിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഷഹബാസ് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തിയ ഏജന്‍സിയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ തയ്യാറെടുക്കുകയാണ് പൊലീസ്.

More Stories from this section

family-dental
witywide