
തൃശൂര്‍: ചാലക്കുടി എസ്ഐ അഫ്സലിനെതിരെ ഭീഷണിയുമായി എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ഹസന്‍ മുബാറക്. തെരുവുപട്ടിയെ പോലെ എസ്ഐയുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും അതിനു ശേഷം ജയിലില്‍ പോകാനും തയ്യാറാണെന്നും മുബാറക് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലാണ് നേതാവിന്റെ വെല്ലുവിളി പ്രസംഗം.
‘ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലിയൊടിക്കും. അതിന് വിയ്യൂരില്‍ കിടന്നാലും കണ്ണൂരില്‍ കിടന്നാലൂം പൂജപ്പുരയില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്. ഏതെങ്കിലും ജയില്‍ കാണിച്ച്, ലാത്തി കാണിച്ച് എസ്എഫഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്‍മാരുടെ സ്വര്‍ഗത്തിലാണ്’ എന്നായിരുന്നു മുബാറകിന്റെ പ്രസംഗം.
പൊലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന്‍ പുല്ലനെ എസ്ഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്്തിരുന്നു. ഇതില്‍ പ്രകോപിതരായി പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തുകയും ചെയ്തു. ഈ മാര്‍ച്ചിനിടെയാണ് മുബാറകിന്റെ വിവാഹ പരാമര്‍ശവും ഭീഷണിയും.
ഐടിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷമുള്ള ആഹ്‌ളാദ പ്രകടനത്തിനിടെയാണ് നിധിന്‍ പുല്ലനും സംഘവും പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. പൊലീസ് ജീപ്പിന്റെ മുകളില്‍ കയറി നിന്നായിരുന്നു ഇവരുടെ അതിക്രമം. സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ നിതിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടിലാണ് നിതിന്‍ ഒളിച്ചു താമസിച്ചത്. പിന്നീട് സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് നിധിനെ മോചിപ്പിച്ചത്.











