
ഹൂസ്റ്റൺ: ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങൾ സിയാറ്റിൽ ആസ്ഥാനമായുള്ള സ്റ്റാർബക്സ് കോർപ്പറേഷനിലേക്ക് അതിവേഗം വ്യാപിക്കുന്നു. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടെടുത്ത കമ്പനിക്ക് വിപണിയിൽ ഏകദേശം 11 ബില്യൺ ഡോളർ മൂല്യം നഷ്ടപ്പെട്ടു. ഇത് കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 9.4 ശതമാനം ഇല്ലാതാക്കി.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്ന ബഹിഷ്കരണവും വില്പനയിലെ മാന്ദ്യവും യുഎസ് ബഹുരാഷ്ട്രാ കമ്പനിയായ സ്റ്റാർബക്സിന് വലിയ തിരിച്ചടിയാണ് നൽകിയത്. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ലോകമെമ്പാടും സ്റ്റാർബക്‌സ് ബഹിഷ്‌കരണം നേരിട്ടിരുന്നു. വിപണിയിൽ തുടർച്ചയായ 12 ദിവസമാണ് സ്റ്റാർബക്‌സ് ഓഹരികൾക്ക് ഇടിവു നേരിട്ടത്. 1992ന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണിത്. രണ്ടാഴ്ച മുമ്പ് 114 ഡോളറുണ്ടായിരുന്ന സ്റ്റാർബക്‌സിന്റെ ഓഹരിക്ക് ഇപ്പോൾ 95 ഡോളറാണ് മൂല്യം.
ഇസ്രയേലിനെ പരസ്യമായി പിന്തുണച്ച കോഫി ഭീമന് പടിഞ്ഞാറൻ ഏഷ്യയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഉപഭോക്താക്കളുടെ കുറവു മൂലം ഈജിപ്തിൽ കമ്പനി ജീവനക്കാരെ പരിച്ചുവിട്ടിരുന്നു.
നിലവിലെ സാഹചര്യം കമ്പനിയുടെ ഭാവിയിലെ നിലനിൽപിനു തന്നെ വെല്ലുവിളിയാകുമെന്നാണ് ഇൻഡസ്ട്രി അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.
വാഷിങ്ടണിലെ സീറ്റ്ൽ ആസ്ഥാനമായ കോഫി ഹൗസ്, റോസ്റ്ററി റിസർവസ് ശൃംഖലയാണ് സ്റ്റാർബക്‌സ് കോർപറേഷൻ. ലോകത്തെ ഏറ്റവും വലിയ കോഫീഹൗസ് ശൃംഖലയാണിത്. 1971ൽ സ്ഥാപിതമായി കമ്പനിക്ക് 84 രാഷ്ട്രങ്ങളിൽ 35000ത്തിലേറെ ഷോപ്പുകളുണ്ട്. നാലു ലക്ഷത്തിലേറെ തൊഴിലാളികളും. ഇന്ത്യൻ അമേരിക്കൻ വ്യവസായി ലക്ഷ്മൺ നരസിംഹനാണ് ഇപ്പോഴത്തെ സിഇഒ.
കമ്പനി ഇസ്രയേലിനെ പിന്തുണച്ചെങ്കിലും ജീവനക്കാർ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. സ്റ്റാർബക്‌സ് വർക്കേഴ്‌സ് യുണൈറ്റഡ് എന്ന പേരിലുള്ള തൊഴിലാളി സംഘടന പലസ്തീന് തുറന്ന ഐക്യദാർഢ്യം അറിയിച്ചിരുന്നു. യുഎസിലെ 200ലധികം ഷോപ്പുകളിൽ ജീവനക്കാരുടെ സമരവും അരങ്ങേറിയിരുന്നു. ശമ്പളവും ആനുകൂല്യങ്ങളും കുറവാണെന്നും ജീവനക്കാർ ആരോപിക്കുന്നു. ഇതും മൂല്യമിടിവില്‍ പ്രതിഫലിച്ചതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.










