ബില്ലുകളിലെ കാലതാമസം; ഗവര്‍ണ്ണര്‍ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി ഇന്ന് പരിഗണിക്കുമെന്നാണ് നേരത്തേ കരുതിയിരുന്നത്.

ഇന്നു പരിഗണിക്കുന്ന കേസുകളില്‍ പതിനെട്ടാമതായി ലിസ്റ്റ് ചെയ്തിരുന്ന കേരളത്തിന്റെ ഹര്‍ജി പരിഗണിക്കാത്തതിനെത്തുടര്‍ന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് കോടതി വ്യക്തവരുത്തിയത്. അതോടൊപ്പം തന്നെ പഞ്ചാബ് കേസിലെ ഉത്തരവ് നോക്കൂവെന്നും ഇന്നലെ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും ഗവര്‍ണറെ ഉദ്ദേശിച്ച് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകളില്‍ തീരുമാനം എടുക്കാത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ടി പി രാമകൃഷ്ണന്‍ എംഎല്‍എയും ചീഫ് സെക്രട്ടറിയും ചേര്‍ന്നാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതിരിക്കുന്നത്. ഗവര്‍ണര്‍, രാജ്ഭവന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.