പലസ്തീൻ – ഇസ്രയേല്‍ സംഘര്‍ഷം: യുഎസ് പടക്കപ്പലുകളും പോര്‍വിമാനങ്ങളും പുറപ്പെട്ടു

ന്യൂഡല്‍ഹി: ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഇസ്രായേലിനെ സഹായിക്കാന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും അയക്കുന്നു. അപ്രതീക്ഷിതമായി ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏതാനും അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എത്ര പേരാണ് മരിച്ചത് എന്ന കണക്ക് പുറത്തുവിട്ടിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഒട്ടേറെ യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടു.. ജീവന്‍ പൊലിഞ്ഞവര്‍ക്ക് അന്ത്യാ‍ഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ കുടുംബത്തിൻ്റെ അഗാധ ദുഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. യുഎസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അറിയിച്ചു.

അമേരിക്കന്‍ യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും ഇസ്രയേലിലേക്ക് തിരിക്കാന്‍ പ്രസിഡൻ്റ് ജോ ബൈഡന്‍ ഇന്നലെത്തന്നെ നിര്‍ദേശം നല്‍കി. ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണ ഒരിക്കല്‍ക്കൂടി ബൈഡൻ ഉറപ്പാക്കി. അമേരിക്കയുടെ വിമാന വാഹിനി കപ്പലായ യുഎസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡും അതിനെ അനുഗമിക്കുന്ന മറ്റ് കപ്പലുകളും മെഡിറ്റനേറിയന്‍ കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടതായി പെൻ്റഗണ്‍ അറിയിച്ചു.  ഇസ്രയേലിനായി സൈനിക സഹായം വർധിപ്പിക്കുമെന്നും യുദ്ധോപകരണങ്ങൾ നൽകുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

എന്നാൽ അമേരിക്കയുടെ നടപടി പലസ്തീനികൾക്കെതിരായ ആക്രമണമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിൽ അമേരിക്ക പങ്കാളികളാവുന്നു എന്നും ഹമാസിന്റെ പ്രസ്താവനയിൽ ആരോപിക്കുന്നു.

സംഘർഷത്തിൽ മരണം ആയിരം കടന്നതായാണ് റിപ്പോർട്ടുകൾ.ഇസ്രായേലിന് സൈനിക സഹായമായി യുഎസ് പ്രതിവർഷം 3 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നുവെന്നാണ് അൽ ജസീറ റിപ്പോർട് ചെയ്തത്.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ താല്പര്യമുള്ള രാജ്യങ്ങളുടെ തുടർ നടപടികളെ ഹമാസ് ആക്രമണം തടസപ്പെടുത്തി ഇന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി ഫോണില്‍ സംസാരിച്ചു. അമേരിക്കയുടെ പിന്തുണ അറിയിക്കും ഇസ്രയേലിൻ്റെ ദുഖത്തില്‍ ഖേദംപ്രകടിപ്പിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide