
ഭുവനേശ്വർ: ഒഡീഷയിലെ കോൺഗ്രസ് എം പി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് 360 കോടി പിടിച്ചെടുത്ത സംഭവത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി ഉള്ളപ്പോൾ നിങ്ങൾക്കെന്തിനാണ് മണി ഹെയ്സ്റ്റ് ഫിക്ഷൻ എന്നായിരുന്നു എക്സിൽ പങ്കുവച്ച വീഡിയോയിൽ മോദിയുടെ പരിഹാസം.
‘കോൺഗ്രസ് പ്രസന്റ്സ് മണി ഹെയ്സ്റ്റ്’ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്. ധീരജ് പ്രസാദിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ കണ്ടെടുത്ത പണവും അതിന് മേൽ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന വീഡിയോയും മോദി പങ്കുവച്ചു.
70 വർഷമായി കോൺഗ്രസ് രാജ്യത്തെ കൊള്ളയടിക്കുന്നു. ഐതിഹാസികമായി ഇത്രയും കൊല്ലം രാജ്യത്തെ കൊള്ളയടിക്കുന്ന കോൺഗ്രസ് ഉള്ളപ്പോൾ ആർക്കാണ് മണി ഹെയ്സ്റ്റ് ഫിക്ഷന്റെ ആവശ്യമുള്ളതെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ബിജെപി തയ്യാറാക്കിയ വീഡിയോ മോദി ഷെയർ ചെയ്യുകയായിരുന്നു.
ഡിസംബർ 6 മുതൽ ഒഡീഷയിലെയും ജാർഖണ്ഡിലെയും സാഹുവിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് പണം കണ്ടെത്തിയത്. 30-ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും ചേർന്ന് എട്ടിലധികം കൗണ്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തിയത്. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും രാഷ്ട്രീയ ബന്ധങ്ങൾ ഒഴിവാക്കുന്നില്ലെന്നും ആദായനികുതി ഡയറക്ടർ ജനറൽ സഞ്ജയ് ബഹാദൂർ പറഞ്ഞിരുന്നു.












