95 രൂപയുടെ ഷാംപു 140 രൂപയ്ക്ക് വിറ്റു; ഓഫര്‍ സെയിലിനു പിന്നാലെ ഫ്‌ലിപ്കാര്‍ട്ടിന് പണി കിട്ടി

ബിഗ് ബില്യണ്‍ ഡേയ്‌സ് ഓഫര്‍ വില്‍പ്പനയ്ക്ക് പിന്നാലെ ഇരട്ടിവില ഈടാക്കിയെന്ന ഉപഭോക്താവിന്റെ പരാതിയില്‍ ഫ്‌ളിപ്കാര്‍ട്ടിന് പിഴ വിധിച്ച് കോടതി. ബംഗളൂരു സ്വദേശിയായ സൗമ്യ പി എന്ന യുവതിയാണ് ഫ്‌ലിപ്കാര്‍ട്ടിനെതിരെ പരാതി നല്‍കിയത്. 2019 ഒക്ടോബറിലായിരുന്നു സംഭവം. ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയ്ക്കിടെ 191 രൂപയുടെ പതഞ്ജലി കേശ് കാന്തി പ്രോട്ടീന്‍ ഹെയര്‍ ക്ലെന്‍സര്‍ ഓര്‍ഡര്‍ ചെയ്തിരുന്നു.

പാഴ്സല്‍ എത്തി തുറന്നപ്പോഴാണ് താന്‍ ഓര്‍ഡര്‍ ചെയ്ത സാധനത്തിന്റെ യഥാര്‍ത്ഥ വില വെറും 95 രൂപയാണെന്ന് സൗമ്യയ്ക്ക് മനസിലായത്. ഇരട്ടിയിലേറെ തുകയായിരുന്നു ഫ്‌ലിപ്കാര്‍ട്ട് ഈടാക്കിയിരുന്നത്. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയില്‍ ഫ്ളിപ്കാര്‍ട്ട് ഈ ഉത്പന്നത്തിന് ഇട്ടിരുന്ന വില 140 രൂപയായിരുന്നു. കൂടാതെ ഷിപ്പിംഗിനായി 99 രൂപ അധികമായി ഈടാക്കുകയും ചെയ്തു. വിലയില്‍ കബളിപ്പിച്ചതിനെതിരെ യുവതി ഫ്ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.

ഇതിനു പിന്നാലെയാണ് ഇവര്‍ നിയമനടപടി സ്വീകരിച്ചത്. പരമാവധി ചില്ലറ വിലയില്‍ കൂടിയ വിലയ്ക്ക് സാധനം വിറ്റ ഫ്ളിപ്കാര്‍ട്ടിന്റെ നടപടി തെറ്റാണെന്നും ഇത് കുറ്റകരമായ കാര്യമാണെന്നും നിരീക്ഷിച്ച കോടതി 20,000 രൂപ ഫ്ലിപ്കാര്‍ട്ട്, സൗമ്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും വിധിച്ചു. ഷാപുവിന് ഈടാക്കിയ അധിക തുകയായ 96 രൂപ ഫ്ലിപ്കാര്‍ട്ട് തിരിച്ച് നല്‍കണം. ഒപ്പം ഉപഭോക്താവിന് നല്‍കിയ സേവനത്തിലെ പോരായ്മയ്ക്ക് 10,000 രൂപ നഷ്ടപരിഹാരം, അന്യായമായ വ്യാപാരത്തിന് 5,000 രൂപ അധിക പിഴ, സൗമ്യയുടെ കോടതി ചെലവുകള്‍ക്ക് 5,000 രൂപ, ഇങ്ങനെ 20,000 രൂപയെന്നാണ് കോടതി വിധിച്ചത്.