
ന്യൂഡല്‍ഹി: ഇസ്രായേലില്‍ ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തെത്തുടര്‍ന്ന് മറുപടി യുദ്ധത്തിന്‍ ഗാസയിലെത്തിയ ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങള്‍ അഞ്ച് മാസം പിന്നിടുമ്പോള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനില്‍ 13,000 ‘തീവ്രവാദികള്‍’ ഉണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു ജര്‍മ്മന്‍ പത്രത്തോട് പറഞ്ഞു.
എന്നാല്‍, ഫലസ്തീന്‍ അധികാരികള്‍ പറയുന്നതനുസരിച്ച് 31,000 ലധികം ഫലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു എന്നാണ്. ഇതില്‍ 13000 പേര്‍ തീവ്രവാദികളാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. എന്നാല്‍ ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 72% സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘ഞങ്ങള്‍ വിജയത്തോട് വളരെ അടുത്താണെന്നും റാഫയിലെ അവശേഷിക്കുന്ന ഭീകര സംഘങ്ങള്‍ക്കെതിരെ ഞങ്ങള്‍ സൈനിക നടപടി ആരംഭിച്ചാല്‍, പോരാട്ടത്തിന്റെ തീവ്രമായ ഘട്ടം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രമേ എടുക്കൂവെന്നും’ നെതന്യാഹു വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, ഹമാസ് സംഘങ്ങളുടെ മുക്കാല്‍ ഭാഗവും നശിപ്പിക്കപ്പെട്ടുവെന്നും, ഇപ്പോള്‍ ആക്രമണം നിര്‍ത്തുന്നത് അവരെ വീണ്ടും സംഘടിപ്പിക്കാന്‍ സഹായിക്കുമെന്നും നെതന്യാഹു വ്യക്തമാക്കുന്നു.
അതേസമയം, കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം പറഞ്ഞ ഇസ്രായേലിന്റെ കണക്കുകള്‍ ഹമാസ് തള്ളിക്കളഞ്ഞിട്ടുണ്ട്.
13,000 ‘terrorists’ killed in Palestine, very close to victory : Netanyahu















