‘പൂണെ പോര്‍ഷെ’ അപകടം ആവര്‍ത്തിക്കുന്നു : 17കാരന്‍ ഓടിച്ച കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരപരിക്ക്‌

അഹമ്മദാബാദ്: 17കാരന്‍ അമിത വേഗത്തിലോടിച്ച പോര്‍ഷെ കാറിടിച്ച് പൂണെയില്‍ രണ്ടു യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനു പിന്നാലെ മറ്റൊരു വാഹനാപകടം രാജ്യത്തെ ഞെട്ടിക്കുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അഹമ്മദാബാദിലാണ് പ്രായപൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച വാഹനം ഇടിച്ച് 16 കാരിയായ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റത്.

നഗരത്തിലെ തല്‍തേജ് എന്ന സ്ഥലത്തുകൂടെ എസ്യുവി ഓടിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. തല്‍തേജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദിയ പ്രജാപതിയാണ് ദാരുണമായ അപകടത്തിന് ഇരയായത്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

തന്റെ പിതാവിന്റെ ഫോര്‍ച്യൂണര്‍ എസ്യുവിയാണ് 17 വയസുകാരന്‍ ഓടിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഡ്രൈവറായ കുട്ടിക്ക് ലൈസന്‍സും ഇല്ലായിരുന്നു. കേസില്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

ഈ വര്‍ഷം പത്താം ക്ലാസ് പാസായ വിദ്യാര്‍ഥിയാണ് പ്രതി. അതേസമയം, 17-കാരനെ കസ്റ്റഡിയിലെടുത്തെങ്കിലും സംഭവദിവസം രാത്രി വൈകുംവരെയും പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ലെന്നും വിവരം.

മഹാരാഷ്ട്രയിലെ പൂണെയില്‍ മെയ് 19 നാണ് 17കാരന്‍ ഓടിച്ച പോര്‍ഷെ വാഹനം രണ്ടുപേരുടെ ജീവനെടുത്തത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തുടരുമ്പോഴാണ് വീണ്ടും ഇത്തരം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

Also Read

More Stories from this section

family-dental
witywide