പാരീസ് ഒളിമ്പിക്സ് സ്റ്റേഡിയത്തിന് സമീപം സംശയാസ്പദമായ വസ്തു, ബോംബ് ജാഗ്രതാ നിര്‍ദേശം നല്‍കി പൊലീസ്

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സിന് ഉപയോഗിക്കുന്ന സ്റ്റേഡിയത്തിന് സമീപം സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ബോംബ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. സ്റ്റേഡ് ഡി ഫ്രാന്‍സ് എന്ന സ്റ്റേഡിയമാണ് ഇപ്പോള്‍ അതീവ സുരക്ഷാ വലയത്തിലുള്ളത്. ബോബ് സ്‌ക്വാഡ് കൂടുതല്‍ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ്. വടക്കന്‍ പാരീസിലെ ദേശീയ സ്റ്റേഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിലാണ് ഇന്ന് ഉള്‍പ്പെടെ പല പരിപാടികളും നടക്കുന്നത്.

സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തുള്ള സെന്റ് ഡെനിസ് പോര്‍ട്ട് ഡി പാരീസ് റെയില്‍വേ സ്റ്റേഷന്‍ അടച്ചതായി റിപ്പോര്‍ട്ടുണ്ട്.

പാരീസില്‍ ഇക്കൊല്ലത്തെ ഒളിമ്പിക് ഗെയിമുകള്‍ക്ക് ഒരാഴ്ച മുമ്പ് തുടക്കമായിരുന്നു. ബോംബ് ഭീഷണി മുന്നറിയിപ്പ് വന്നതോടെ, 80,000-ത്തിലധികം ആളുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്ന വേദിയില്‍ ഇന്നലെ വൈകുന്നേരം 6 മണിയായിട്ടും തുടര്‍പരിപാടികള്‍ ആരംഭിക്കാന്‍ സജ്ജീകരണമായിട്ടില്ല.

ഇതുവരെയുള്ള ഏതൊരു ഒളിമ്പിക്‌സിനേക്കാളും വിപുലമായ ഒന്നാണ് ഇക്കുറി നടത്തുന്നതെന്നും അതുകൊണ്ടുതന്നെ വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും സംഘാടകര്‍ വ്യക്തമാക്കി.

അടുത്തിടെ നടന്ന ഫ്രാന്‍സിലെ പ്രക്ഷുബ്ധമായ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് തീവ്രവാദ ആക്രമണങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ എന്തിനും തയ്യാറായാണ് പൊലീസും സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഏകദേശം 18,000 സൈനികരും 30,000 പൊലീസ് ഉദ്യോഗസ്ഥരുമാണ് സുരക്ഷയൊരുക്കുന്നത്. വ്യോമ നിരീക്ഷണം, സമുദ്ര നിരീക്ഷണം അടക്കം പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

More Stories from this section

family-dental
witywide