
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം യു ഡി എഫിന് ഉണ്ടാകുമെന്ന് അഭിപ്രായ സർവെ ഫലം. രാഹുൽ ഗാന്ധി എഫക്ട് ഒരിക്കൽ കൂടി കേരളത്തിൽ തരംഗമായി മാറുമെന്നും രാഹുൽ തരംഗത്തിൽ കേരളത്തിലെ 20 ൽ 20 സീറ്റുകളും യു ഡി എഫിന് ലഭിച്ചേക്കുമെന്നുമാണ് എ ബി പി ന്യൂസ് – സി വോട്ടർ അഭിപ്രായ സർവെ ഫലം പറയുന്നത്.
ഇടതുപക്ഷത്തിനും എൻ ഡി എയ്ക്കും കേരളത്തിൽ കനത്ത തിരിച്ചടിയുണ്ടാകും എന്നാണ് എ ബി പി ന്യൂസ് – സിവോട്ടർ അഭിപ്രായ സർവെ ചൂണ്ടികാട്ടുന്നത്. 20 സീറ്റുകളിൽ ഒന്നുപോലും ഇടത് പക്ഷത്തിനോ എൻ ഡി എയ്ക്കോ നേടാനാകില്ല. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാകും ഇത്തവണയും യു ഡി എഫിന് കേരളത്തിൽ അനുകൂല തരംഗം സൃഷ്ടിക്കുകയെന്നാണ് സർവെ പറയുന്നത്.
44.5 ശതമാനം വോട്ടു വിഹിതത്തോടെയാകും കേരളത്തിൽ യു ഡി എഫിന്‍റെ തൂത്തുവാരൽ. എൽ ഡി എഫിന് 31.4 ശതമാനം വോട്ടുവിഹിതവും എൻ ഡി എ 19.8 ശതമാനവും വോട്ട് വിഹിതവും നേടാനാകുമെങ്കിലും ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് എ ബി പി ന്യൂസ് – സിവോട്ടർ അഭിപ്രായ സർവെ ചൂണ്ടികാട്ടുന്നത്.
അതേസമയം ദേശീയ തലത്തിൽ ബി ജെ പിക്ക് വലിയ നേട്ടമുണ്ടാകുമെന്നും സർവെ പറയുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെല്ലാം ബി ജെ പിക്ക് വലിയ നേട്ടം ഇക്കുറിയും സ്വന്തമാകും. കോൺഗ്രസിന് കർണാടകയിലും ഹിമാചൽ പ്രദേശിലും നേട്ടമുണ്ടാകും. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിന്‍റെ മികവിൽ ‘ഇന്ത്യ’ മുന്നണി തൂത്തുവാരുമെന്നും സർവെ ചൂണ്ടികാട്ടുന്നുണ്ട്.
abp c voter opinion poll kerala lok sabha polls 2024 latest news













