
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നാക്ക വിഭാഗത്തിൽ ജനിച്ചയാളല്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ.
ഒബിസി അംഗമാണെന്ന് സ്വയം അവകാശപ്പെടുന്ന പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഒഡീഷയിൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’യിൽ രാഹുൽ ഗാന്ധി ആരോപിച്ചു. ഗുജറാത്തിലെ ബിജെപി സർക്കാരിൻ്റെ കാലത്ത് ഒബിസി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഘഞ്ചി ജാതിയിൽ പെട്ട ഒരു കുടുംബത്തിലാണ് മോദി ജനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
“പ്രധാനമന്ത്രിയുടെ ജാതിയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന സംബന്ധിച്ച വസ്തുതകൾ” എന്ന തലക്കെട്ടിലുള്ള ഒരു ഹ്രസ്വമായ കുറിപ്പിൽ, നരേന്ദ്ര മോദി ഉള്‍പ്പെടുന്ന മോധ് ഘഞ്ചി ജാതി, ഗുജറാത്ത് സര്‍ക്കാരിന്റെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന്റെയും ഒബിസിയുടെയും പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് പറയുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് മോധ് ഘഞ്ചി ജാതിയെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മാത്രമല്ല, മോധ് ഘഞ്ചി ജാതിയെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം വന്നത് 2000 ഏപ്രില്‍ നാലിനാണ്. ഈ രണ്ട് വിജ്ഞാപനങ്ങളും വന്ന സമയത്ത് നരേന്ദ്ര മോദി അധികാരത്തിലുണ്ടായിരുന്നില്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു.












