വിമാനത്തിൽനിന്നു താഴേക്കിട്ട ഭക്ഷണപ്പൊതികൾ വീണ് ഗാസയിൽ 5 പേർ കൊല്ലപ്പെട്ടു

ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്കായി വിമാനത്തിൽനിന്നു താഴേക്കിട്ട ഭക്ഷണപ്പൊതികൾ വീണ് 5 പേർ കൊല്ലപ്പെട്ടു. എയർ ഡ്രോപ് ചെയ്യുന്നതിനിടെ പാരഷൂട്ട് തുറക്കാതിരുന്നതാണ് അപകട കാരണമെന്ന് കരുതുന്നു. സഹായംകാത്തു താഴെ നിന്നവർക്കു മേലേക്ക് സഹായ പാക്കറ്റുകൾ അടങ്ങിയ പെട്ടി ശക്തിയോടെ പതിക്കുകയായിരുന്നു.

കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയിൽ അമേരിക്ക, ജോർദാൻ, ഈജിപ്ത്, ഫ്രാൻസ്, നെതർലാൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങൾ ആകാശമാർഗം സഹായവിതരണം നടത്തുന്നുണ്ട്. ഏതു രാജ്യത്തിന്റെ പാക്കറ്റ് വീണാണ് മരണം സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. തങ്ങളല്ല ഉത്തരവാദി എന്ന് ജോർദാനും അമേരിക്കയും അറിയിച്ചു.

തങ്ങളുടെ എല്ലാ സഹായ പാക്കറ്റുകളും സുരക്ഷിതമായി നിലത്ത് എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യുഎസ് പട്ടാള ഉദ്യോഗസ്ഥൻ ജനറൽ പാട്രിക് റൈഡർ അറിയിച്ചു.

വടക്കൻ ഗാസയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ കുറഞ്ഞത് 20 പേർ ഭക്ഷണക്ഷാമത്തിൽ മരിച്ചെന്നാണു റിപ്പോർട്ട്. തെക്കൻ ഗാസയിലും ക്ഷാമം മൂലമുള്ള ശിശു മരണങ്ങളുണ്ടാകുന്നെന്ന് യുനിസെഫ് അറിയിച്ചു. റഫായിലെ ആശുപത്രിയിൽ കഴിഞ്ഞ 5 ആഴ്ചകൾക്കിടെ 20 ശിശുക്കളാണു മരിച്ചത്.

സഹായം എത്തിക്കാനായി ഗാസയിലേക്ക് കടൽ പാത തുറക്കാൻ പദ്ധതിയിട്ടതായി വെള്ളിയാഴ്ച യൂറോപ്യൻ യൂണിയനും അമേരിക്കയും അറിയിച്ചിരുന്നു. സൈപ്രസിൽ നിന്നു കടൽവഴിയുള്ള സഹായം ഈ വാരാന്ത്യത്തോടെ തുടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

ഗാസയിലേക്ക് നേരിട്ട് സഹായം എത്തിക്കുന്നതിന് താൽക്കാലിക തുറമുഖം നിർമ്മിക്കുമെന്ന് യുഎസ് പറഞ്ഞിരുന്നു, എന്നാൽ ഇത് നിർമ്മിക്കാൻ ആഴ്ചകളെടുക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

aid drop parachute failed Five killed in Gaza

More Stories from this section

family-dental
witywide