മകനെ കൊന്നത് തന്നെ…ഗുരുതര ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവ്

തിരുവനന്തപുരം: ഏറെ ദുരൂഹമായ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി പിതാവ് ഉണ്ണി. മകനെ കൊന്നത് തന്നെയാണെന്നും മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ വെച്ച് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ പിടിയിലായതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെടുന്നതെന്നും പിതാവ് വ്യക്തമാക്കി.

പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ച കേസില്‍ ഇതുവരെ 13 പേര്‍ പിടിയിലായിട്ടുണ്ട്. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തല്‍മണ്ണയില്‍ കവര്‍ച്ച നടന്നത്. അര്‍ജുന്‍ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. സിബിഐയും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.

”അര്‍ജുന്‍ അറസ്റ്റിലായ വിവരം ഉള്‍പ്പെടെ സിബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും. സത്യം പുറത്തു വരുമെന്നാണ് വിശ്വാസം. അര്‍ജുന്‍ നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആര് ചാകുന്നു, ആരെ കൊല്ലുന്നു എന്നതല്ല അവരുടെ പ്രശ്നം. പണമുണ്ടാക്കുക എന്നതാണ്. മലപ്പുറത്ത് ജ്വല്ലറി ഉടമയില്‍നിന്ന് മൂന്നു കിലോ സ്വര്‍ണം അവര്‍ എടുത്തുകൊണ്ടു പോയി എന്നല്ലേ ഇപ്പോള്‍ അറിയുന്നത്. പൊലീസിന് ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതൊക്കെയാണ് അവരുടെ സ്ഥിരം ജോലി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഒരു നീതിയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. സിബിഐ രണ്ടാമതൊരു റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. അത് എന്താണെന്നു പരിശോധിച്ചു മുന്നോട്ടു പോകും”- ഉണ്ണിയുടെ വാക്കുകള്‍

അതേസമയം, പെരിന്തല്‍മണ്ണ സ്വര്‍ണ കവര്‍ച്ച കേസും ബാലഭാസ്‌കറിന്റെ മരണവും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

More Stories from this section

family-dental
witywide