ബംഗാളിലും അസമിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി ബിജെപി, നിരീക്ഷകരായി ഷായും നദ്ദയും; സത്യപ്രതിജ്ഞക്ക് മോദിയുമെത്തും

പശ്ചിമ ബംഗാളിലും അസമിലും മിന്നും വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ബിജെപി കേന്ദ്ര നേതൃത്വം ആരംഭിച്ചു. ബംഗാളിലെ സർക്കാർ രൂപീകരണ ചർച്ചകൾക്കായി കേന്ദ്രമന്ത്രി അമിത് ഷായെ നിരീക്ഷകനായും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെ സഹ നിരീക്ഷകനായും നിയമിച്ചു. അസമിൽ ജെ.പി. നദ്ദയാണ് കേന്ദ്ര നിരീക്ഷകൻ. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയെ അസമിലെ സഹ നിരീക്ഷകനായും പാർട്ടി ചുമതലപ്പെടുത്തി. സത്യപ്രതിജ്ഞക്ക് പ്രധാനമന്ത്രി അടക്കമുള്ളവർ എത്തുമെന്നാണ് വിവരം.

ഒന്നര പതിറ്റാണ്ട് നീണ്ട തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചാണ് ബംഗാളിൽ ബിജെപി അധികാരത്തിലെത്തുന്നത്. മെയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ പേരിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം. എങ്കിലും ദിലിപ് ഘോഷ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്. അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്തയിലെത്തി എംഎൽഎമാരുടെ യോഗം വിളിക്കും.

അസമിൽ 126ൽ 102 സീറ്റുകൾ നേടി ഹാട്രിക് വിജയമാണ് ബിജെപി സഖ്യം സ്വന്തമാക്കിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന ഒരു മുന്നണി നൂറിലധികം സീറ്റുകൾ നേടുന്നത്. വലിയ വിജയം സമ്മാനിച്ച ഹിമന്ത ബിശ്വ ശർമ്മ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനാണ് സാധ്യത. ജെ.പി. നദ്ദയുടെ നേതൃത്വത്തിലുള്ള സംഘം ഗുവാഹത്തിയിലെത്തി പുതിയ നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കും.

BJP Starts Government Formation Moves in West Bengal and Assam

More Stories from this section

family-dental
witywide